അഭിനന്ദനങ്ങൾ ഗോപീകൃഷ്ണൻ കെ. വർമ്മ

തിരികെ എന്ന സിനിമയിൽ സെബി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് India Book of Records ഇൽ ഇടം നേടിയ ഗോപികൃഷ്ണന് അഭിനന്ദനങ്ങൾ!

https://www.thenewsminute.com/article/gopikrishnan-sets-record-first-down-syndrome-actor-play-lead-thirike-150188

സ്നേഹത്തിരകളിൽ ഒരോര്‍മക്കടല്‍

By മനോഹര വർമ്മ

വയലാര്‍ തലമുറകളുടെ പാട്ടെഴുത്തുകാരനാണ്. കാലാതിവര്‍ത്തിയായ ഗാനങ്ങളുടെ ശില്പി.
പട്ടുപോലെ മൃദുവായ പ്രണയവും, കനലെരിയുന്ന വിപ്ലവും, കരുണ ചൊരിയുന്ന ഭക്തിയും എല്ലാം വയലാറിന്റെ കരവിരുതില്‍ കവിതകളായി വിരിഞ്ഞു.

മലയാളി മനസിലാവാഹിച്ച മരിക്കാത്ത ഗാനങ്ങളുടെ ഉടയോന്‍ വിടപറഞ്ഞെങ്കിലും, വയലാറിലെ നിണമണിഞ്ഞ മണ്ണു പറയുന്നതു പോലെ, സ്മരണകള്‍ ഇരമ്പുകയാണ്….

കവി കാലം ചെയ്ത് കാലമിത്രയുമായിട്ടും കാലവര്‍ഷക്കടലല പോലെ ആര്‍ത്തലയ്ക്കുന്ന ഒരു നോവ് കരളിനുള്ളില്‍ ബാക്കിയാകുന്നു. ഒടുങ്ങാത്ത വിരഹദുഃഖം. മകന്‍ ശരത് ചന്ദ്രന് അച്ഛനെന്നാല്‍ നോവുന്ന ഒരോര്‍മായാണ്. ഹൃദയമാകെ പിണഞ്ഞ് ആത്മാവില്‍ നിറയുന്ന ഒരു വികാരം. അച്ഛനെക്കുറിച്ച് പറയുമ്പോള്‍ വാത്സല്യം ലഭിക്കാതെ പോയ മകന്റെ ഹൃദയവേദന ശരത്തിന്റെ മുഖത്ത് നിഴലിക്കും. പതിനാലു വയസില്‍ അച്ഛന്റെ ചിതയ്ക്ക് അഗ്നി പകര്‍ന്നപ്പോഴുള്ള ദീപ്ത വര്‍ണവും തെളിയും.

അച്ഛനുമായി അടുത്തിടപഴകിയ ദിനങ്ങള്‍ തുച്ഛം. പഠിച്ചു ഡോക്ടറാകട്ടെയെന്നു കരുതി മകനെ ബോര്‍ഡിംഗ് സ്കൂളിലയച്ച്ക വിതയും പാട്ടുമായി സര്‍ഗതീര്‍ഥാടനത്തിനിറങ്ങിയ അച്ഛന്‍ നെഞ്ചോടണച്ച് മൂര്‍ദ്ധാവിലൊന്നു മുത്തമിട്ടോ…..

ഓര്‍മയില്‍ ഒരു വര്‍ണപൊട്ടുപോലെ.

ഓണത്തിനൊരു കോടിയുടുപ്പ്. മേടവിഷുവിനു കണികണ്ടുണരുമ്പോള്‍ കൈനീട്ടം. അച്ഛനു പകരം മുത്തശ്ശിയാണു, മുറുക്കാന്‍ ചുവയുള്ള മുത്തവുമായി, ഈ കുറവൊക്കെ പരിഹരിച്ചിരുന്നത്.

അച്ഛന്‍ രാഘവപ്പറമ്പ് എന്ന തറവാട്ടുമുറ്റത്ത് കാലുകുത്തിയാല്‍ അന്നാണ് ഓണവും വിഷുവുമെല്ലാം. അച്ഛനൊപ്പം ഇത്തിരി നേരം ഇരിക്കാമെന്നു കരുതിയാല്‍ ചങ്ങാതികളും ആരാധകരും ഒരിടം തരില്ല. കവിത ചൊല്ലലും പൊട്ടിച്ചിരിയും പാതിരാ കഴിഞ്ഞും നീളും. നേരം വെളുക്കും മുമ്പ് മടക്കവും.

ഇത്ര പെട്ടെന്ന് അച്ഛനില്ലാതാവുമെന്ന് ആരു കരുതി….. ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കില്‍ ബോര്‍ഡിംഗ് പഠനവും ഒരിയ്ക്കലും സഫലമാകില്ലെന്ന് ഉറപ്പുള്ള ഡോക്ടര്‍ സ്വപ്‌നവും ഉപേക്ഷിച്ച് രാഘവപ്പറമ്പിലേക്ക് ഓടിയെത്തുമായിരുന്നു. മകന്‍ സിനിമയുടെ ലോകത്തേക്ക് വരരുതെന്ന് അച്ഛന്‍ ആഗ്രഹിച്ചു. എന്തായിരിക്കും കാരണം…. ശരത്തിനറയില്ല. തന്നെ പോലെ പാട്ടെഴുതി നടന്നാല്‍ കുടുംബ ജീവിതം കാണില്ലെന്ന അനുഭവം….

ഏതു മകനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. അച്ഛനെപ്പേലെയാകുക. ആ കാലടി പിന്തുടരുക.
അങ്ങിനെ അച്ഛന്റെ മകനാകുക. താന്‍ പോലുമറിയാതെ ആ പാതയിലേക്ക് താനെയെത്തിയത് ശരത്തിനെ ഇന്നും വിസമയിപ്പിക്കുന്നു. ജീവിതത്തില്‍ പലതും സംഭവിച്ചതു പോലെ ഇതും യാദൃശ്ചികം.

അച്ഛന്റെ തണലില്‍ വളര്‍ന്നു വലുതാകാനായിലെങ്കിലും, വളര്‍ന്നപ്പോള്‍ അച്ഛന്റെ സ്മരണകളുടെ തണലാണ് എവിടേയും. ഇപ്പോള്‍ അത് ഒരു കുളിരാണ്. പാട്ടെഴുത്ത് നേരമ്പോക്കല്ല .. നോമ്പാണെന്ന തിരിച്ചറിവുമായി പാട്ടിന്റെ പാലാഴിയിലൂടെയുള്ള യാത്ര. അത് തുടരുകയാണ്. മനസില്‍ ദൈവവും ഗുരുവും പ്രത്യയശാസ്ത്രവും ഒക്കെയുണ്ട്. എല്ലാം അച്ഛനാണെന്നു മാത്രം. അച്ഛന്റെ വഴിയെയാണ് യാത്രയെങ്കിലും കടം വെച്ച ചില കണക്കുകള്‍ കൂടി തീര്‍ക്കണം ശരത്തിന്. യാത്രക്കിടെ കൈമോശം വരാതെ കാത്തു സൂക്ഷിക്കാന്‍ ഭദ്രമായ ഒരു കുടുംബ ജീവിതം. അതിനു സര്‍വ്വംസഹയായ സഹയാത്രികയായി ഭാര്യ ശ്രീലതയും, കൂടെ, നിറവാത്സല്യം ഏറ്റുവാങ്ങാന്‍ ഏകമകള്‍ സുഭദ്രയും.

ശ്രീ. പി. കെ. രാജരാജ വർമ്മ – എന്റെ ഓർമ്മയിലെ കുഞ്ഞമ്മാവൻ

By Smt Latha Varma

ശ്രീ. പി. കെ. രാജരാജ വര്‍മ്മ പാലിയേക്കര കൊട്ടാരത്തിലെ, പ്രത്യേകിച്ചും പടിഞ്ഞാറെ കൊട്ടാരത്തിലെ
കുഞ്ഞമ്മാവന്‍ ആയിരുന്നു. ഒരു തായ്‌വഴി മാത്രമുള്ള കെട്ടാരത്തില്‍ ഞങ്ങളുടെ എല്ലാവരുടേയും
അമ്മൂമ്മമാരുടെ ഇളയ സഹോദരന്‍. 1986 ജനുവരി 17-ന്‌ മരിക്കുമ്പോള്‍ ഏകദേശം 82 വയസ്സായിരുന്നു.

കണക്കില്‍ ആയിരുന്നു കുഞ്ഞമ്മാവന്റെ മാസ്റ്റേഴ്‌സ്‌ ബിരുദം. കൂടാതെ കമ്പം ഇംഗ്ലീഷ്‌ സാഹിത്യത്തിലും
മലയാളഭാഷയിലും. രണ്ടു ഭാഷകളിലും ധാരാളം വായന ഉണ്ടായതു കൊണ്ടാവാം അദ്ദേഹത്തിന്റെ മനസ്സും അത്രയും വിശാലമായത്‌. മലയാളത്തില്‍ അദ്ദേഹത്തിന്റെ കൃതികള്‍ പ്രധാനമായും നര്‍മ്മം – ഹാസ്യ സാഹിത്യത്തിലായിരുന്നു. P. G. Wodehouse-ന്റെ സ്വാധീനം പല കൃതി കളിലും നമുക്ക്‌ കാണാന്‍ സാധിക്കും. യാത്രകൾ വളരെ അധികം ഇഷ്ടപ്പെടുകയും ധാരാളം യാത്രകള്‍ ചെയ്യ്തിരുന്നുവെങ്കിലും യാത്രാവിവരണം ഒന്നുമാത്രമാണ്‌ ശ്രദ്ധേയം ആയത്‌ – വിജയകരമായ പിന്മാറ്റം. അത്‌ എഴുപതുകളില്‍ പാഠപുസ്തകമായി വന്നിട്ടുണ്ട്‌. ജപ്പാന്‍ ബര്‍മ്മ പിടിച്ചെടുക്കാന്‍ ശ്രമിച്ച യുദ്ധ കാലയളവില്‍ അവിടുന്ന്‌ രക്ഷപ്പെട്ട്‌ കാല്‍നടയായി കാടും മലകളും താണ്ടി തിരിച്ച്‌ നാട്ടില്‍ എത്തിയതാണ്‌ വിഷയം. ബര്‍മ്മയില്‍ നിന്നും (ഇന്നത്തെ മ്യാന്‍മാര്‍), സിംല, അല്ലാഹബാദ്‌ മുതലായ സ്ഥലങ്ങളിലെ ഓദ്യോഗിക ജീവിതത്തിന്‌ ശേഷം ഒറീസ്സയിലെ ഭുവനേശ്വര്‍ എ. ജീസ്‌. ഓഫീസില്‍ നിന്നും വിരമിച്ചു. അതിന്‌ ശേഷം ആലുവയിലെ എഫ്‌. എ. സി. റ്റി.യില്‍ നിന്നും 1969 ഡിസംബറില്‍ ഓദ്യോഗിക ജീവിതം മതിയാക്കി മാവേലിക്കരയില്‍ താമസമാക്കി.

ഇത്രയും ഒരു സാധാരണ മനുഷ്യന്റെ സാധാരണ ജീവിതം. കുഞ്ഞമ്മാവനെ ഒരു അസാധാരണ വൃക്തി
ആക്കുന്നത്‌ ഇതൊന്നും അല്ല.

കുഞ്ഞമ്മാവനെ ഏറ്റവും അധികം വൃത്യസ്തനാക്കുന്നത്‌ അദ്ദേഹത്തിന്റെ ലാളിത്യവും (utter simplicity and lack of ego) സഹായം ആവശ്യപ്പെടുന്നവരെ സാധിക്കുവോളം സഹായിക്കുവാനുമുള്ള മനസ്ഥിതിയുമാണ്‌. സാമ്പത്തികമായി ഉയര്‍ന്ന നിലയുണ്ടായിരുന്നെങ്കിലും ഒരിക്കല്‍ പൊലും ആര്‍ഭാടത്തിനൊ ഏറ്റവും ചുരുങ്ങിയ നിത്യചിലവുകള്‍ക്ക്‌ അല്ലാതെ പണം ചിലവാക്കുന്നത്‌ ഞാന്‍ കണ്ടിട്ടില്ല. കിടപ്പ്‌ ഒരു മെത്തപ്പായും തലയിണയും പുതപ്പും, അതും നിലത്ത്‌.

സാമ്പത്തിക സഹായം, ഓഈദ്യോദിക സഹായം, കുടുംബ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണ്‍സലിംഗ്‌
എന്ന്‌ വേണ്ട എന്ത്‌ സഹായം ആവശ്യപ്പെട്ടാലും അത്‌ ആ സന്നിധിയില്‍ കിട്ടുമായിരുന്നു – ഒരു അഹം
ഭാവമില്ലാതെ, പ്രത്യുപകാരമോ ഒരു നന്ദിവാക്കു പ്രതീക്ഷിക്കാതെ, ഒരു അംഗീകാരം പോലും സ്വീകരിക്കാതെ. ഒരു ചെറിയ സംഭവം ഓര്‍മ്മിക്കട്ടെ. കുഞ്ഞമ്മാവന്‍ ഒരു ബന്ധുവിന്‌ മാസാമാസം ഒരു തുക സഹായമായി നലകിയിരുന്നു. ഒരിക്കല്‍ ആരോ ചോദച്ചു കുഞ്ഞമ്മാവന്‍ എന്തിനാണ്‌ പണം അവിടെ കൊണ്ട്‌ കൊടുക്കുന്നത്? ആവശ്യമുണ്ടങ്കില്‍ കുഞ്ഞമ്മാവന്റെ അടുത്ത്‌ വന്ന്‌ വാങ്ങട്ടെ. സ്വതസിദ്ധമായ പുഞ്ചിരിയേടെ മറുപടി “അവരെ സഹായിക്കുക എന്നത്‌ എന്റെ ആവശ്യമായതു കൊണ്ട്‌”.

ശാന്തതയായിരുന്നു കുഞ്ഞമ്മാവന്റെ മറ്റൊരു പ്രത്യേകത. സ്വന്തം കുട്ടികളോടു പോലും ദേഷ്യപ്പെടാറില്ലായിരുന്നു പോലും (അതിശയോക്തിയല്ല, വാസ്തവമാണന്ന്‌ മകന്‍ സാക്ഷ്യപ്പെടുത്തുന്നു) ജീവതത്തിന്റെ ഓരോ ചെറിയ കാര്യങ്ങളില്‍ പോലും നര്‍മ്മം കാണാന്‍ കഴിവുള്ള മനസ്സിന്‌ ഉടമയായതുകൊണ്ടല്ലെ പഞ്ചു മേനോനും കുഞ്ചിയമ്മയും എന്ന കഥാപാത്രങ്ങളെ മലയാളത്തിന്‌ സംഭാവന ചെയ്യാന്‍ കഴിഞ്ഞത്‌?

ക്ഷത്രിയര്‍ക്ക്‌ ഒരു സംഘടയുടെ ആവശ്യം മനസ്സിലാക്കിയാണ്‌ അറുപതുകളില്‍ അത്യുല്‍സാഹത്തോടെ
ക്ഷത്രിയ ക്ഷേമ സഭയില്‍ പ്രവര്‍ത്തിച്ചത്‌. ഇന്ന്‌ അതൊക്കെ വിസ്മൃതിയിലായി. മറവിരോഗം (Alzheimer’s dementia) പിടിമുറുക്കന്നതുവരെ അതില്‍ വ്യാപൃതനായിരുന്നു. അത്യധികം വേദനിപ്പിച്ച ചില പരാമര്‍ശങ്ങള്‍ കേട്ടതിന്‌ ശേഷം പൂര്‍ണ്ണമായി അതില്‍ നിന്നും പിന്നെ വിട്ടു നില്‍ക്കുകയായിരുന്നു.

ഭഗവത്‌ ഗീതയിലും മറ്റും പ്രദിപാദിച്ചിട്ട്‌ പോലുള്ള ഈ നിഷ്കാമകര്‍മ്മ യോഗി പക്ഷെ അത്ര വലിയ
ഈശ്വര വിശ്വാസിയായിരുന്നില്ല. എന്നു തന്നെയല്ല പല അനാചാരങ്ങളേയും എതിര്‍ക്കുകയും ചെയ്തി
രുന്നു.

ഒറിസ്സയിലെ ഏ.ജീസ്‌ ഓഫീസ്സിലെ (കട്ടക്‌, പുരി, ഭുവനേശ്വര്‍ ഏതാണെന്ന് ഓര്‍മയില്ല) കോഓപറേറ്റിവ്‌
സൊസൈറ്റിയുടെ 50-0൦ വാര്‍ഷിക ആഘോഷങ്ങളില്‍ സ്ഥാപകരില്‍ ഒരാളായ അദ്ദേഹത്തെ ആദരിച്ച
ചടങ്ങില്‍ പങ്കെടുത്താണ്‌ അവസാനത്തെ പൊതു ചടങ്ങ്‌. Alzheimer’s അദ്ദേഹത്തിന്റെ ഓര്‍മ്മയെ
മായിച്ചു കളഞ്ഞെങ്കിലും നമ്മളില്‍ പലരും മറക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ സ്നേഹസ്പര്‍ശം
കൊണ്ട്‌ ജീവിതം പടുത്തുയര്‍ത്തിയ ആരും തന്നെ കുഞ്ഞമ്മാവന്റെ ആ ചെറു പുഞ്ചിരിയുടെ മധുരം
മറക്കുയില്ല, തീര്‍ച്ച.

മഹാകവി വടക്കുംകൂർ രാജരാജ വർമ്മരാജ

  • By മനോഹര വർമ്മ യുഎഇ

കവിതിലകനെ അറിയണം പുതുതലമുറ. സാധാരണ സാംസ്കാരിക നായകരെപ്പോലെ പോലെ വടക്കുംകൂര്‍ രാജരാജ വര്‍മ്മരാജയെ ഓര്‍മ്മിക്കാന്‍ കല്‍മണ്ഡപങ്ങളോ സ്മാരക മന്ദിരങ്ങളോ ഒന്നും വേണ്ട. സംസ്‌കൃത, മലയാള ഭാഷകള്‍ക്ക് മഹാകവി നല്‍കിയ സംഭാവനകള്‍ വളരുന്ന തലമുറകള്‍ക്ക് പരിചയപ്പെടുത്തിയാല്‍ മാത്രം മതി. ജനപ്രിയ സാഹിത്യ മേഖലകളില്‍ വിഹരിക്കാതിരുന്നതാണ് സ്മരിക്കപ്പെടാതിരിക്കാന്‍ മാത്രം, അക്ഷരങ്ങളില്‍ ആത്മാവ് ലയിപ്പിച്ച ആ മഹാതപസ്വി ചെയ്ത ‘പാതകം’.

വൈക്കം തെക്കേനടയില്‍ മൂകാംബിക ക്ഷേത്രത്തോട് ചേര്‍ന്ന ‘എഴുത്തുപുര മാളിക” എന്നറിയപ്പെട്ടിരുന്ന വടക്കുംകൂര്‍ കൊട്ടാരത്തില്‍ പുസ്തകള്‍ക്കും എഴുത്തിനുമൊപ്പമായിരുന്നു മഹാകവി വടക്കുംകൂര്‍ രാജരാജ വര്‍മ്മയുടെ ജീവിതം.
നിസംഗനായി കാവ്യരചനയില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹത്തിന് അമൂല്യങ്ങളായ നിരവധി താളിയോല ഗ്രന്ഥങ്ങള്‍ ഉള്‍പ്പടെ വലിയൊരു പുസ്തകശേഖരമുണ്ടായിരുന്നു. ദിനചര്യകളില്‍ അണുവിട വ്യതിയാനം വരുത്താതെ ചിട്ടയായ ജീവിതം. കാഴ്ചയില്‍ യാഥാസ്ഥിതികന്‍. പക്ഷേ, ജാതി,മത,വര്‍ണ വ്യത്യാസമില്ലാതെ തന്റെ കൊട്ടാരത്തിലെത്തുന്ന ഓരോ സാഹിത്യപ്രിയരേയും സല്‍ക്കരിക്കാനും അവരുമായി ചര്‍ച്ചയും സംഭാഷണവും മണിക്കൂറുകളോളം നടത്താനും താത്പര്യം കാണിച്ചിരുന്നു. ശ്രീനാരായണ ഗുരുദേവന്‍ വൈക്കത്ത് വന്നപ്പോള്‍ വടക്കുംകൂര്‍ ഗുരുവിനെ സന്ദര്‍ശിക്കുകയും ‘ജ്ഞാനവാസിഷ്ഠം’ തുടങ്ങിയ ബൃഹദ് ഗ്രന്ഥങ്ങളെക്കുറിച്ച്‌ ചര്‍ച്ച നടത്തുകയും ചെയ്തു.
മൂന്നു മഹാകാവ്യങ്ങളാണ് വടക്കുംകൂര്‍ സംസ്‌കൃത സാഹിത്യത്തിന് സമര്‍പ്പിച്ചത്. ഉത്തരഭാരതം, രഘൂവീരവിജയം, രാഘവാഭ്യുദയം എന്നിവ. ഏ​റ്റവും അടുത്ത സുഹൃത്തായ മഹാകവി ഉള്ളൂര്‍ അന്തരിച്ചപ്പോള്‍ എഴുതിയ ‘മഹച്ചരമം” ലക്ഷണമൊത്ത വിലാപകാവ്യങ്ങളിലൊന്നായി മാറി. ഇതിഹാസ കവി വാല്മീകി, ആദി ശങ്കരാചാര്യര്‍, മേല്‍പ്പത്തൂര്‍, ഉള്ളൂര്‍, തുടങ്ങി ഒമ്പതോളം ശ്രേഷ്ഠ വ്യക്തിത്വങ്ങളുടെ ജീവചരിത്രം. ശൈലിപ്രദീപം എന്ന നിഘണ്ടു, ആയിരത്തിലധികം പ്രബന്ധങ്ങള്‍, നീരുപണങ്ങള്‍, അവതാരികകള്‍, വ്യാഖ്യാനങ്ങള്‍, പരിഭാഷകള്‍ ഇതിനൊക്കെ പുറമേ സാഹിത്യ ചരിത്ര ഗ്രന്ഥങ്ങളും വടക്കുംകൂറിന്റെ തൂലികയില്‍ പിറന്നു.

വടക്കുംകൂറിന്റെ കേരളീയ സംസ്‌കൃത സാഹിത്യ ചരിത്രം ആറു ഭാഗങ്ങളിലായി വിവരിക്കുന്ന പ്രാമാണിക ചരിത്ര ഗ്രന്ഥമാണ് ഭാഷാ ചരിത്ര ഗവേഷകര്‍ ഇന്നും അടിസ്ഥാന പ്രമാണമാക്കി ഉപയോഗിക്കുന്നത്. മ​റ്റൊന്ന് കേരള സാഹിത്യ ചരിത്രം ചര്‍ച്ചയും പൂരണവും. രണ്ടു ഭാഗങ്ങളിലായാണ് ഇവ. സാഹിത്യ ശാസ്ത്ര ശാഖയില്‍ അപൂര്‍വം ഗ്രന്ഥങ്ങളെ പിറന്നിട്ടുള്ളൂ. അതിലൊന്നാണ് വടക്കുംകൂറിന്റെ സാഹിതീസര്‍വസ്വം. ആനുകാലികങ്ങളില്‍ വടക്കുംകൂറിന്റെ ലേഖനം പതിവ് രസക്കൂട്ടുകളില്‍ പ്രധാനമായിരുന്നു.

മഹാകാവ്യരചനയിലൂടെ മഹാകവിപ്പട്ടം ലഭിച്ച വടക്കുംകൂറിന് കൊല്ലവര്‍ഷം 1121 ല്‍ കൊച്ചീരാജാവാണ് ‘കവിതിലകന്‍” എന്ന ബഹുമതി നല്‍കി ആദരിച്ചത്. ഉത്തര്‍പ്രദേശിലെ അയോദ്ധ്യയിലെ വിദ്യുല്‍സദസ് വടക്കുംകൂറിന്റെ സംസ്‌കൃത മഹാകാവ്യങ്ങളെ പ്രകീര്‍ത്തിച്ച്‌ ‘സാഹിത്യരത്‌നം, വിദ്യാഭൂഷണം എന്നീ ബഹുമതികളും ലഭിച്ചു. കേരള സാഹിത്യഅക്കാഡമി അംഗമായിരുന്ന വടക്കുംകൂര്‍ നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. 1970 ഫെബ്രുവരി 27 ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എഴുത്തുപുരയില്‍ തന്റെ പുസ്തകങ്ങള്‍ക്കൊപ്പമായിരുന്നു മഹാകവി മരണമെത്തുന്ന നേരത്തും.

സന്മാര്‍ഗ പോഷിണി സഭയുടെ മുഖ്യസംഘാടകന്‍

വൈക്കത്തെ അഷ്ടമി ഉത്സവത്തോട് അനുബന്ധിച്ച്‌ നടത്തിവന്നിരുന്ന സാഹിത്യ സദസായ സന്മാര്‍ഗപോഷിണി സഭയുടെ മുഖ്യസംഘാടകന്‍ വടക്കുംകൂറായിരുന്നു. കേരളത്തിലെ ഏ​റ്റവും വലിയ സാഹിത്യകൂട്ടായ്മയായിരുന്നു ഇത്. കേരളത്തിലെ അറിയപ്പെടുന്ന എല്ലാ സാഹിത്യസാംസ്‌കാരിക നായകന്‍മാരുമായി അടുത്ത സൗഹൃദമാണ് അദ്ദേഹം പുലർത്തിയിരുന്നത്.

ക്ഷത്രിയ പ്രതിഭകള്‍ – 1

സ്വാതി തിരുനാള്‍ – സംഗീത സാര്‍വ്വഭൌമന്‍

– കെ.എല്‍.ശ്രീകൃഷ്ണദാസ്

പ്രതിഭാധനരായ അനേകം പ്രഗത്ഭ വ്യക്തികളുടെ ജന്മംകൊണ്ട് ധന്യമായ സമുദായമാണ് ക്ഷത്രിയസമുദായം. ആ മഹാന്മാരുടെ നിസ്തുലമായ സംഭാവനകളിലേക്ക് ഒരു വിഹഗവീക്ഷണം നടത്തുവാനാണ് ‘ക്ഷത്രിയ പ്രതിഭകള്‍ ‘ എന്ന ഈ ലേഖന പരമ്പര കൊണ്ട് ലക്ഷ്യമാക്കുന്നത്. വരുംതലമുറയ്ക്ക് മഹത്തായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ പൂര്‍വികരുടെ ചരിത്രം പ്രചോദനം ആകുമെന്ന് വിശ്വസിക്കുന്നു. സമൂഹത്തിനു അനുപമമായ സേവനമേകി കടന്നുപോയ പൂര്‍വ്വസൂരികളില്‍ അദ്വിതീയമായ സ്ഥാനം അലങ്കരിക്കുന്ന മഹാത്മാവാണ് സ്വാതിതിരുനാള്‍ രാമവര്‍മ്മ മഹാരാജാവ്.

പുരുഷ സന്തതികള്‍ ഇല്ലാതിരുന്നതിനാല്‍ റീജന്‍റ് റാണി ഗൌരിലക്ഷ്മീഭായി ആയിരുന്നു തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്. റീജന്‍റ് റാണി യുടെയും രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍റെയും ദ്വിതീയ പുത്രനായി 1813 ഏപ്രില്‍ 16-)തീയതി, മേടമാസത്തിലെ ചോതി നക്ഷത്രത്തില്‍ രാമവര്‍മ്മ ഭൂജാതനായി. ശിശുവായ രാമവര്‍മ്മയ്ക്ക് വേണ്ടി ആസ്ഥാന കവിയായിരുന്ന ഇരയിമ്മന്‍ തമ്പി രചിച്ചതാണ് പ്രസിദ്ധമായ “ഓമനത്തിങ്കള്‍ കിടാവോ” എന്ന താരാട്ട്.

രാമവര്‍മ്മയ്ക്ക് ഏതാണ്ട് രണ്ടു വയസ്സുള്ളപ്പോള്‍ മാതാവ് നാടുനീങ്ങി.. അതിനുശേഷം അവരുടെ ഇളയ സഹോദരി റാണി പാര്‍വതിബായി രാമവര്‍മ്മയ്ക്ക് പ്രായപൂര്‍ത്തി ആകുന്നതുവരെ 14 വര്‍ഷക്കാലം തിരുവിതാംകൂര്‍ ഭരിച്ചു. സ്വാതി തിരുനാളിന് 16 വയസ്സായപ്പോള്‍ അദ്ദേഹം ഭരണഭാരം ഏറ്റെടുത്തു. അതിനകം തന്നെ അദ്ദേഹം മലയാളം, സംസ്കൃതം, കന്നഡ, തെലുങ്കു, ഹിന്ദുസ്ഥാനി, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളില്‍ അസാമാന്യ പ്രാവീണ്യം നേടിക്കഴിഞ്ഞിരുന്നു. അതുപോലെ സംഗീതത്തിലും സാഹിത്യത്തിലും പ്രാഗത്ഭ്യം കരസ്ഥമാക്കിയിരുന്നു. ഭരണകാര്യങ്ങളില്‍ മുന്‍പരിചയം ഇല്ലായിരുന്നെങ്കിലും മുതിര്‍ന്നവരുടെ ഉപദേശങ്ങളും ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ സഹകരണവും മൂലം ആദ്യകാലത്തു സുഗമമായി ഭരണം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒട്ടേറെ ഭരണപരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

കൊല്ലത്ത് നിന്നു തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയത് സ്വാതി തിരുനാളാണ്. ആദ്യത്തെ ഗവണ്‍മെന്‍റ് പ്രസ്സ് ഒബ്സര്‍വേറ്ററി , യൂണിവേര്‍സിറ്റി കോളേജിന്‍റെ മുന്‍ഗാമിയായ ഫ്രീ ഇംഗ്ലീഷ് സ്കൂള്‍,പബ്ലിക് ലൈബ്രറിയും മൃഗശാലയും തുടങ്ങാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടേറെ സംരംഭങ്ങള്‍ സ്വാതി തിരുനാളിന്‍റെ സംഭാവനകളായിരുന്നു.

കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ അദ്ദേഹം അതിയായ ആവേശം കാണിച്ചിരുന്നു. അന്യനാടുകളില്‍ നിന്നുള്ള സംഗീതജ്ഞരെയും, സാഹിത്യകാരന്മാരെയും, നര്‍ത്തകരെയും ഒക്കെ രാജകൊട്ടാരത്തില്‍ വരുത്തി സല്‍ക്കരിക്കുകയും ഏറെക്കാലം താമസിപ്പിച്ചു അവരുടെ കലാപാടവം ആസ്വദിക്കുകയും ചെയ്യുന്നതില്‍ മഹാരാജാവ് അനിതരസാധാരണമായ ആഹ്ലാദം അനുഭവിച്ചിരുന്നു. പില്‍ക്കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയും അവര്‍ തിരുവിതാംകൂറിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയും ചെയ്തപ്പോള്‍ ഉണ്ടായ മാനസിക സംഘര്‍ഷങ്ങള്‍ക്ക് സ്വാതിതിരുനാൾ പ്രതിവിധി കണ്ടെത്തിയതു കലാകാരന്മാരുമായുള്ള നിത്യ സമ്പര്‍ക്കത്തിലൂടെയാണ്. അദ്ദേഹം അന്യ കലാകാരന്‍മാരെ പ്രോല്‍സാഹിപ്പിക്കുന്നതോടൊപ്പം ശ്രേഷ്ടങ്ങളായ ഒട്ടേറെ കൃതികള്‍ സ്വയം രചിക്കുകയും ചെയ്തു. അനേകം ഭാഷകളില്‍ പ്രാവീണ്യം നേടിയെങ്കിലും അദ്ദേഹത്തിന് ഏറെ ആഭിമുഖ്യം സംസ്കുതത്തോടായിരുന്നു.

സ്വാതിതിരുനാളിന്‍റെ പ്രധാന കാവ്യകൃതികള്‍ ശ്രീപത്മനാഭശതകം ഭക്തിമഞ്ജരി , സ്യാനന്ദൂരപുരവര്‍ണ്ണനം , കുചേലോപാഖ്യാനം, അജാമിളോപാഖ്യാനം, ഉല്‍സവപ്രബന്ധം തുടങ്ങിയവയാണ്. അദ്ദേഹം രചിച്ച സംഗീത കൃതികളുടെ വൈവിധ്യവും വൈപുല്യവും വിവരിക്കുക അസാധ്യമാണ്. എങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം രചിച്ച ഗീതികളില്‍ 63 എണ്ണം മലയാളവും 197 എണ്ണം സംസ്കൃതവും 37 എണ്ണം ഹിന്ദുസ്ഥാനിയും 8 എണ്ണം തെലുങ്കും ഒരെണ്ണം കന്നടയും ആണെന്ന് കാണാം.

ശാസ്ത്രീയ സംഗീത രംഗത്തെ ത്രിമൂര്‍ത്തികളായ ത്യാഗരാജസ്വാമികള്‍ , മുത്തുസ്വാമി ദീക്ഷിതര്‍ ശ്യാമ ശാസ്ത്രികള്‍ എന്നിവർ ദീര്‍ഘകാലം ജീവിച്ചവരാണ്. മൂവര്‍ക്കും വേണ്ടത്ര ശിഷ്യ സമ്പത്തും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് സമശീര്‍ഷനായ സ്വാതി തിരുനാളിന് ശിഷ്യന്മാര്‍ ഉണ്ടായിരുന്നില്ല, അദ്ദേഹം ദീര്‍ഘകാലം ജീവിച്ചതുമില്ല. 1846 ഡിസംബര്‍ 25 നു സ്വാതിതിരുനാള്‍ മഹാരാജാവ് നാടുനീങ്ങി.

വെറും 33 വര്‍ഷത്തെ ഹൃസ്വജീവിതം കൊണ്ട് സാഹിത്യ സംഗീത ഭരണ മേഖലകളില്‍ സ്വാതി തിരുനാള്‍ നല്കിയ സംഭാവനകള്‍ അമൂല്യങ്ങളും അവിശ്വസനീയങ്ങളുമാണ്. മരണാനന്തരവും അദേഹത്തെ ചൊല്ലി വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ പല ദോഷൈകദൃക്കുകളും ശ്രമിച്ചിരുന്നു. എന്നാല്‍ ആധികാരികമായ തെളിവുകളുടെ പിന്‍ ബലത്തോടെ ആ ആരോപണങ്ങളുടെ പൊള്ളത്തരവും അവയുടെ പിന്നില്‍ പ്രവര്‍ത്തിച്ച നിന്ദ്യമായ ചേതോവികാരവും തുറന്നുകാട്ടാന്‍ പ്രമുഖ ചരിതപണ്ഡിതനായ ഡോ: ആര്‍.പി. രാജാ (നമ്മുടെ പ്രിയപ്പെട്ട കുഞ്ഞണ്ണന്‍ ചേട്ടന്‍ ) രചിച്ച “NEW LIGHT ON SWATHI THIRUNAL “എന്ന കൃതിക്ക് കഴിഞ്ഞു.

ലോകത്തെങ്ങുമുള്ള സംഗീതസ്വാദരുടെ ഹൃദയങ്ങളില്‍ സ്വാതിതിരുനാളിന്‍റെ ധന്യസ്മരണ അനശ്വരമാണ്.

===========
(സ്വാതി തിരുനാളിനെക്കുറിച്ചുള്ള ഒരു ചെറിയ കുറിപ്പു മാത്രം ആണിത്,സമഗ്രമോ പൂര്‍ണ്ണമോ ആയ പഠനമല്ല. )

Image : By Stephen Crening – COMPANY SCHOOL WATERCOLOURS, Public Domain, https://commons.wikimedia.org/w/index.php?curid=39282094

Song Credit : Enchanting Melodies

രാജാ രവിവർമ്മ: ചിത്രങ്ങൾക്ക് ഹൃദയമുദ്ര ചാർത്തിയ കലാകാരൻ 🙏

– ആത്മജവർമ്മ തമ്പുരാൻ.

വിശ്രുത ചിത്രകാരൻ രാജാ രവി വർമ്മ നിറക്കൂട്ടുകളുടെ രാജാവ് എന്നാണ് പരക്കെ അറിയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ 173-ാം ജന്മദിനമാണ് ഇന്ന്. (ഏപ്രിൽ 29). ഓര്‍മകള്‍ക്ക് മുന്നില്‍ ലോകമെമ്പാടുമുള്ള ആരാധകർ ഇന്നു സ്നേഹാർച്ചന നട ത്തും.
ചിത്രങ്ങള്‍ വരച്ച് ആദരവ് പ്രകടിപ്പിക്കാന്‍ ക്ഷത്രിയ ക്ഷേമ സഭയ്ക്കും അവസരം ഒരുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
സംസ്ഥാന സമിതി അവസരം ഒരുക്കുന്നു. ചിത്രങ്ങള്‍ ക്ഷ ത്രിയ ക്ഷേമസഭയുടെ വെബ് സൈറ്റില്‍ കാണാനും കഴിയും.
സഭയുടെ സംസ്ഥാന പ്രസിഡന്റ് ശ്രീ. പി.കെ. രഘുവര്‍മ്മയാണ് രാജാ രവിവർമ്മയുടെ ജന്മദിനം ഓർമപ്പെടുത്തിയതും കുട്ടികൾക്കും മുതിർന്നവർക്കും ചിത്രങ്ങൾ വരച്ച് ആദരവ് പ്രകടിപ്പിക്കാൻ അവസരം ഒരുക്കണമെന്നും നിർദ്ദേശിച്ചത്.
👉രവിവർമയുടെ ചില പ്രസിദ്ധ ചിത്രങ്ങൾ:
ദക്ഷിണേന്ത്യയിലെ ജിപ്സികൾ, തംബുരുമീട്ടിപ്പാടുന്ന തമിഴ് വനിത, ശകുന്തളാപത്രലേഖനം, ദമയന്തീഹംസസംവാദം, സീതാഭൂപ്രവേശം, മലബാർസുന്ദരി വയലിൻ വായിക്കുന്നു, അച്ഛൻ വരുന്നു, സരസ്വതീ ദേവി, സൈരന്ധ്രി, സീതാസിദ്ധി, ലക്ഷ്മീദേവി, ദമയന്തി, രാധയുംകൃഷ്ണനും, ശന്തനുവുംമത്സ്യഗന്ധിയും, പാഞ്ചാലീവസ്ത്രാക്ഷേപം, വിശ്വാമിത്രനുംമേനകയും, നളനും ദമയന്തിയും, ഹരിശ്ചന്ദ്രനും താരാമതിയും, ശ്രീകൃഷ്ണജനനം.
👉 വരൂ കിളിമാനൂരിലേക്ക്
രാജാ രവിവർമ്മയുടെ ജന്മദേശമായ തിരുവനന്തപുരം കിളിമാനൂരിൽ ഒരു ആർട്ട് ഗാലറിയുണ്ട്. രവിവർമ്മയുടെ സ്മരണാർത്ഥം സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗാലറിയാണ് ഇത്. കേരള ലളിത കലാ അക്കാദമിയാണ് സ്ഥാപിച്ചത്. 2014 നവംബർ 19-ന് പ്രവർത്തനം ആരംഭിച്ചു. കിളിമാനൂരിലെ രവിവർമ്മ സ്മാരക സാംസ്കാരിക നിലയത്തിനു സമീപമുള്ള 66 സെന്റ് സ്ഥലത്താണ് ആർട്ട് ഗാലറി സ്ഥിതിചെയ്യുന്നത്. രാജാ രവിവർമ്മയുടെ അമ്പതോളം പെയിന്റിങ്ങുകൾ ഇവിടെയുണ്ട്.
👉 ജീവിതരേഖ
രാജാരവിവർമയുടെ ജീവിത കാലയളവ് 1848 ഏപ്രിൽ 29 – 1906 ഒക്ടോബർ 2 വരെയാണ്. രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർ ക്കിടയിലെ രാജാവുമായിരുന്നു. അദ്ദേഹത്തെ കുറിച്ചു മറ്റുള്ളവർ പറയുന്ന പ്രധാന വിശേഷണം ഇതാണ്. ചിത്രമെഴുത്ത്‌ യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യ ജനം വിചാരിച്ചിരുന്ന കാലത്ത്‌, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും അദ്ദേഹം വഴിതെളി ച്ചു.
👉അറിയാം കുട്ടിക്കാലം
എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി 1848 ഏപ്രിൽ 29 ന്‌ കിളിമാനൂർ കൊട്ടാരത്തിലാണ് ജനനം. പൂരൂരുട്ടാതി നാൾ. പുരാണകഥകൾ ഇഷ്ടപ്പെട്ടു. മൂന്നാം വയസ്സിൽ തന്നെ കിളിമാനൂർ കൊട്ടാരത്തിന്റെ ചുവരുകൾ ചിത്രങ്ങൾ കൊണ്ട്‌ നിറഞ്ഞു.
പ്രതിഭ തിരിച്ചറിഞ്ഞ അമ്മാവനും സ്വാതിതിരുനാൾ മഹാരാജാവിന്റെ ആസ്ഥാന ചിത്രകാരനുമായിരുന്ന രാജരാജവർമ്മ ചിത്രകല പഠിപ്പിച്ചു.
കഥകളി സംഗീതത്തിലും കഴിവു തെളിയിച്ചു.
രവിവർമ്മ എണ്ണച്ചായത്തിൽ വരച്ച ബക്കിങ്ങ്‌ഹാം പ്രഭുവിന്റെ ഛായാ ചിത്രം മദ്രാസ്‌ ഗവൺമന്റ്‌ ആസ്ഥാനത്ത്‌ സ്ഥാപിച്ചതു മുതലാണ് പ്രശസ്തിയുടെ പടവുകൾ കയറാൻ തുടങ്ങിയത്.
1871-ൽ മഹാരാജാവിൽ നിന്ന് വീരശൃംഖല ലഭിച്ചു. തുടർന്നു ആസ്ഥാന ചിത്രകാരനുമായി.1873-ൽ മദ്രാസിൽ നടന്ന കലാപ്രദർശനത്തിൽ യൂറോപ്പ്യൻ ചിത്രകാരന്മാരുടെ ചിത്രങ്ങളേയും പിന്തള്ളി രവിവർമ്മയുടെ ‘മുല്ലപ്പൂ ചൂടിയ നായർ വനിതക്ക്‌’ ഒന്നാം സമ്മാനം ലഭിച്ചു. സുവർണ്ണമുദ്രയായിരുന്നു സമ്മാനം. ഇതോടെ അദ്ദേഹത്തിന്റെ പ്രസിദ്ധി കടൽ കടന്നു. അതേകൊല്ലം തന്നെ വിയന്നയിൽ നടന്ന ലോക കലാ പ്രദർശനത്തിലും ഇതേ ചിത്രത്തിനു സമ്മാനം ലഭിച്ചു. 1874-ൽ മദ്രാസിൽ നടന്ന കലാപ്രദർശനത്തിൽ ‘തമിഴ്സ്ത്രീയുടെ ഗാനാലാപനം’ എന്ന ചിത്രം ഒന്നാം സമ്മാനത്തിനർഹമായി. 1876-ൽ മദ്രാസിൽ നടന്ന ചിത്രപ്രദർശനത്തിലേക്ക്‌ രവിവർമ്മ തന്റെ ‘ശകുന്തളയുടെ പ്രേമലേഖനം’ എന്ന ചിത്രം അയച്ചു. ചിത്രകലയിലെ വിസ്മയമായി ആ ചിത്രം വാഴ്ത്തപ്പെട്ടു. ചിത്രം ബക്കിങ്ങ്‌ഹാം പ്രഭു വാങ്ങി. ഈ ചിത്രം കണ്ട സർ മോണിയർ വില്യംസ്‌ തന്റെ അഭിജ്ഞാന ശാകുന്തളത്തിന്റെ ഇംഗ്ലീഷ്‌ തർജ്ജമക്ക്‌ മുഖചിത്രമായി ചേർക്കാൻ അനുവാദം തേടി. അങ്ങനെ 28 വയസ്സ്‌ തികയും മുമ്പെ ലോക പ്രശസ്ത ചിത്രകാരനായി രവിവർമ്മ മാറി.
ഈ പ്രതിഭയുടെ ഓർമകൾ പോലും ഇപ്പോഴത്തെ തലമുറ കൾക്ക് ആവേശമാണ്.
ക്ഷത്രിയ ക്ഷേമസഭയുടെ ‘ചിത്രങ്ങൾ കൊണ്ട് ആദരവ്’ എന്ന പ്രത്യേക ചിന്തയിൽ ചിത്രങ്ങൾ പങ്കുവച്ച എല്ലാവർക്കും സംസ്ഥാന സമതിയുടെ നന്ദിയും അറിയിക്കുന്നു. ഇതിൽ പങ്കെടുത്ത എല്ലാവരുടെയും കൂട്ടായ്മയും മറ്റും ആലോചനയിലുണ്ട്. കൂടിയാലോചനയ്ക്കു ശേഷം വിശദാംശങ്ങൾ അറിയിക്കു ന്നതാണ്. മിഴിവാർന്ന രവിവർമ്മച്ചിത്രം ഹൃദയത്തിൽ ചേർക്കു. വിരസത ഒഴിവാക്കു.