ചുമര്
*******
ചിതൽപ്പുറ്റുരുമ്മുന്നതുണ്ടാംചിലപ്പോൾ
ചുരുങ്ങിപ്പൊടിഞ്ഞൊന്നു ദേഹംവിളർക്കാം
ചതുക്കുന്നകാറ്റാൽവിറയ്ക്കുന്നുവെന്നാൽ
ച്ചെറുക്കാനശക്തൻ്റെമട്ടൊത്തിരിപ്പു
പലർക്കും കൊടുത്തിങ്ങിടംചാരിടാനായ്
ചിലർക്കൊക്കെയാശ്വാസമെന്നുംനിനച്ചു.
പുലർന്നേറെബന്ധങ്ങളായുസ്സുനീളാ-
തുലർത്തിപ്പിരിച്ചൊന്നുകുത്തിപ്പൊടിച്ചോർ.
വരച്ചൊന്നിതെന്നോ ചരിത്രംരചിക്കാൻ
കരിക്കട്ടകൊണ്ടാദ്യമേതോകരങ്ങൾ
തിരിച്ചൊന്നുമോതാതെ നിസ്സംഗനായി –
ച്ചിരിച്ചൽപ്പമെന്നുംനിനച്ചോരിതെങ്ങോ?
ഇടയ്ക്കൊക്കെയോർമ്മച്ചിലന്തിക്കു കെട്ടാ-
നിടത്തെക്കൊടുക്കുന്നൊരാനെഞ്ചിലെന്നാൽ
അടിച്ചെത്തിവണ്ടൊത്തകാലപ്രവാഹം,
പിടച്ചൊന്നുപൊട്ടിച്ചിതൽപ്പാൽപ്പമായി!
പുരാവസ്തുവാക്കാമതിൽക്കമ്പമുള്ളോ-
രൊരുമ്പെട്ടൊരന്യർക്കിതൽപ്പംതിരുത്താം.
തരംപോലെമാറ്റും നിറത്താലിരിക്കാം
നിരാകാരമെന്നോർത്തു കാലംഗമിക്കാം.
നിറക്കൂട്ടുമായാമടർന്നുള്ളുവിങ്ങാം
തറയ്ക്കുന്നൊരാണിക്കു കീഴ്പ്പെട്ടുനിൽക്കാം
കറുത്തില്ലയുളളം തരിമ്പും ശരിക്കൊ-
ന്നുറച്ചെന്നുമാവാം വിധിക്കൊത്തവണ്ണം!
?? – യദു മേക്കാട് 28/6/2020


