ക്ഷത്രിയ പ്രതിഭകള്‍ – 1

സ്വാതി തിരുനാള്‍ – സംഗീത സാര്‍വ്വഭൌമന്‍

– കെ.എല്‍.ശ്രീകൃഷ്ണദാസ്

പ്രതിഭാധനരായ അനേകം പ്രഗത്ഭ വ്യക്തികളുടെ ജന്മംകൊണ്ട് ധന്യമായ സമുദായമാണ് ക്ഷത്രിയസമുദായം. ആ മഹാന്മാരുടെ നിസ്തുലമായ സംഭാവനകളിലേക്ക് ഒരു വിഹഗവീക്ഷണം നടത്തുവാനാണ് ‘ക്ഷത്രിയ പ്രതിഭകള്‍ ‘ എന്ന ഈ ലേഖന പരമ്പര കൊണ്ട് ലക്ഷ്യമാക്കുന്നത്. വരുംതലമുറയ്ക്ക് മഹത്തായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ പൂര്‍വികരുടെ ചരിത്രം പ്രചോദനം ആകുമെന്ന് വിശ്വസിക്കുന്നു. സമൂഹത്തിനു അനുപമമായ സേവനമേകി കടന്നുപോയ പൂര്‍വ്വസൂരികളില്‍ അദ്വിതീയമായ സ്ഥാനം അലങ്കരിക്കുന്ന മഹാത്മാവാണ് സ്വാതിതിരുനാള്‍ രാമവര്‍മ്മ മഹാരാജാവ്.

പുരുഷ സന്തതികള്‍ ഇല്ലാതിരുന്നതിനാല്‍ റീജന്‍റ് റാണി ഗൌരിലക്ഷ്മീഭായി ആയിരുന്നു തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്. റീജന്‍റ് റാണി യുടെയും രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍റെയും ദ്വിതീയ പുത്രനായി 1813 ഏപ്രില്‍ 16-)തീയതി, മേടമാസത്തിലെ ചോതി നക്ഷത്രത്തില്‍ രാമവര്‍മ്മ ഭൂജാതനായി. ശിശുവായ രാമവര്‍മ്മയ്ക്ക് വേണ്ടി ആസ്ഥാന കവിയായിരുന്ന ഇരയിമ്മന്‍ തമ്പി രചിച്ചതാണ് പ്രസിദ്ധമായ “ഓമനത്തിങ്കള്‍ കിടാവോ” എന്ന താരാട്ട്.

രാമവര്‍മ്മയ്ക്ക് ഏതാണ്ട് രണ്ടു വയസ്സുള്ളപ്പോള്‍ മാതാവ് നാടുനീങ്ങി.. അതിനുശേഷം അവരുടെ ഇളയ സഹോദരി റാണി പാര്‍വതിബായി രാമവര്‍മ്മയ്ക്ക് പ്രായപൂര്‍ത്തി ആകുന്നതുവരെ 14 വര്‍ഷക്കാലം തിരുവിതാംകൂര്‍ ഭരിച്ചു. സ്വാതി തിരുനാളിന് 16 വയസ്സായപ്പോള്‍ അദ്ദേഹം ഭരണഭാരം ഏറ്റെടുത്തു. അതിനകം തന്നെ അദ്ദേഹം മലയാളം, സംസ്കൃതം, കന്നഡ, തെലുങ്കു, ഹിന്ദുസ്ഥാനി, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളില്‍ അസാമാന്യ പ്രാവീണ്യം നേടിക്കഴിഞ്ഞിരുന്നു. അതുപോലെ സംഗീതത്തിലും സാഹിത്യത്തിലും പ്രാഗത്ഭ്യം കരസ്ഥമാക്കിയിരുന്നു. ഭരണകാര്യങ്ങളില്‍ മുന്‍പരിചയം ഇല്ലായിരുന്നെങ്കിലും മുതിര്‍ന്നവരുടെ ഉപദേശങ്ങളും ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ സഹകരണവും മൂലം ആദ്യകാലത്തു സുഗമമായി ഭരണം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒട്ടേറെ ഭരണപരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

കൊല്ലത്ത് നിന്നു തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയത് സ്വാതി തിരുനാളാണ്. ആദ്യത്തെ ഗവണ്‍മെന്‍റ് പ്രസ്സ് ഒബ്സര്‍വേറ്ററി , യൂണിവേര്‍സിറ്റി കോളേജിന്‍റെ മുന്‍ഗാമിയായ ഫ്രീ ഇംഗ്ലീഷ് സ്കൂള്‍,പബ്ലിക് ലൈബ്രറിയും മൃഗശാലയും തുടങ്ങാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടേറെ സംരംഭങ്ങള്‍ സ്വാതി തിരുനാളിന്‍റെ സംഭാവനകളായിരുന്നു.

കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ അദ്ദേഹം അതിയായ ആവേശം കാണിച്ചിരുന്നു. അന്യനാടുകളില്‍ നിന്നുള്ള സംഗീതജ്ഞരെയും, സാഹിത്യകാരന്മാരെയും, നര്‍ത്തകരെയും ഒക്കെ രാജകൊട്ടാരത്തില്‍ വരുത്തി സല്‍ക്കരിക്കുകയും ഏറെക്കാലം താമസിപ്പിച്ചു അവരുടെ കലാപാടവം ആസ്വദിക്കുകയും ചെയ്യുന്നതില്‍ മഹാരാജാവ് അനിതരസാധാരണമായ ആഹ്ലാദം അനുഭവിച്ചിരുന്നു. പില്‍ക്കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയും അവര്‍ തിരുവിതാംകൂറിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയും ചെയ്തപ്പോള്‍ ഉണ്ടായ മാനസിക സംഘര്‍ഷങ്ങള്‍ക്ക് സ്വാതിതിരുനാൾ പ്രതിവിധി കണ്ടെത്തിയതു കലാകാരന്മാരുമായുള്ള നിത്യ സമ്പര്‍ക്കത്തിലൂടെയാണ്. അദ്ദേഹം അന്യ കലാകാരന്‍മാരെ പ്രോല്‍സാഹിപ്പിക്കുന്നതോടൊപ്പം ശ്രേഷ്ടങ്ങളായ ഒട്ടേറെ കൃതികള്‍ സ്വയം രചിക്കുകയും ചെയ്തു. അനേകം ഭാഷകളില്‍ പ്രാവീണ്യം നേടിയെങ്കിലും അദ്ദേഹത്തിന് ഏറെ ആഭിമുഖ്യം സംസ്കുതത്തോടായിരുന്നു.

സ്വാതിതിരുനാളിന്‍റെ പ്രധാന കാവ്യകൃതികള്‍ ശ്രീപത്മനാഭശതകം ഭക്തിമഞ്ജരി , സ്യാനന്ദൂരപുരവര്‍ണ്ണനം , കുചേലോപാഖ്യാനം, അജാമിളോപാഖ്യാനം, ഉല്‍സവപ്രബന്ധം തുടങ്ങിയവയാണ്. അദ്ദേഹം രചിച്ച സംഗീത കൃതികളുടെ വൈവിധ്യവും വൈപുല്യവും വിവരിക്കുക അസാധ്യമാണ്. എങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം രചിച്ച ഗീതികളില്‍ 63 എണ്ണം മലയാളവും 197 എണ്ണം സംസ്കൃതവും 37 എണ്ണം ഹിന്ദുസ്ഥാനിയും 8 എണ്ണം തെലുങ്കും ഒരെണ്ണം കന്നടയും ആണെന്ന് കാണാം.

ശാസ്ത്രീയ സംഗീത രംഗത്തെ ത്രിമൂര്‍ത്തികളായ ത്യാഗരാജസ്വാമികള്‍ , മുത്തുസ്വാമി ദീക്ഷിതര്‍ ശ്യാമ ശാസ്ത്രികള്‍ എന്നിവർ ദീര്‍ഘകാലം ജീവിച്ചവരാണ്. മൂവര്‍ക്കും വേണ്ടത്ര ശിഷ്യ സമ്പത്തും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് സമശീര്‍ഷനായ സ്വാതി തിരുനാളിന് ശിഷ്യന്മാര്‍ ഉണ്ടായിരുന്നില്ല, അദ്ദേഹം ദീര്‍ഘകാലം ജീവിച്ചതുമില്ല. 1846 ഡിസംബര്‍ 25 നു സ്വാതിതിരുനാള്‍ മഹാരാജാവ് നാടുനീങ്ങി.

വെറും 33 വര്‍ഷത്തെ ഹൃസ്വജീവിതം കൊണ്ട് സാഹിത്യ സംഗീത ഭരണ മേഖലകളില്‍ സ്വാതി തിരുനാള്‍ നല്കിയ സംഭാവനകള്‍ അമൂല്യങ്ങളും അവിശ്വസനീയങ്ങളുമാണ്. മരണാനന്തരവും അദേഹത്തെ ചൊല്ലി വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ പല ദോഷൈകദൃക്കുകളും ശ്രമിച്ചിരുന്നു. എന്നാല്‍ ആധികാരികമായ തെളിവുകളുടെ പിന്‍ ബലത്തോടെ ആ ആരോപണങ്ങളുടെ പൊള്ളത്തരവും അവയുടെ പിന്നില്‍ പ്രവര്‍ത്തിച്ച നിന്ദ്യമായ ചേതോവികാരവും തുറന്നുകാട്ടാന്‍ പ്രമുഖ ചരിതപണ്ഡിതനായ ഡോ: ആര്‍.പി. രാജാ (നമ്മുടെ പ്രിയപ്പെട്ട കുഞ്ഞണ്ണന്‍ ചേട്ടന്‍ ) രചിച്ച “NEW LIGHT ON SWATHI THIRUNAL “എന്ന കൃതിക്ക് കഴിഞ്ഞു.

ലോകത്തെങ്ങുമുള്ള സംഗീതസ്വാദരുടെ ഹൃദയങ്ങളില്‍ സ്വാതിതിരുനാളിന്‍റെ ധന്യസ്മരണ അനശ്വരമാണ്.

===========
(സ്വാതി തിരുനാളിനെക്കുറിച്ചുള്ള ഒരു ചെറിയ കുറിപ്പു മാത്രം ആണിത്,സമഗ്രമോ പൂര്‍ണ്ണമോ ആയ പഠനമല്ല. )

Image : By Stephen Crening – COMPANY SCHOOL WATERCOLOURS, Public Domain, https://commons.wikimedia.org/w/index.php?curid=39282094

Song Credit : Enchanting Melodies

മറുപടി രേഖപ്പെടുത്തുക