T.N.Adithya Varma
വിജയിക്കുന്നതിനുള്ളൊരു മാർഗ്ഗം
പലതിനൊടും ഞാൻ ചോദിച്ചു
ഭിത്തിയിലുള്ള കലണ്ടറു ചൊല്ലീ
നിത്യം കൃത്യം ചെയ്തീടൂ
ഭഗവാനഗ്നി പറഞ്ഞൂ വെട്ടം
പകരൂ ആകുന്നതുപോലെ
ചുററിക ചൊല്ലീ തെറ്റുകൾ തന്നുടെ
നെറ്റിയിലാണി യടിച്ചേക്കൂ
കത്രിക യോതീ യാരംഭത്തിൻ
നാടയെ യൊന്നു മുറിച്ചേക്കൂ
അരിവാൾ ചൊല്ലീ വിജയം നേടാൻ
അറിവിൻ കതിരുകൾ കൊയ്യേണം
തൂലിക യോതീ ഭാവന തന്നുടെ
പീലികൾ ഒന്നു വിടർത്തീടൂ
സൈക്കിളു ചൊല്ലീ അത്യാർത്തിക്കൊരു
ബ്രേക്കു കടുത്താൽ നന്നായി
വീട്ടിലെ കംപ്യൂട്ടർ ഉര ചെയ്തൂ
ഡേറ്റാ സൈൻസു പഠിച്ചോളൂ
പൂട്ടിയ വാതലു ചൊല്ലീ നിങ്ങളു
മുട്ടാനൊന്നു ശ്രമിച്ചീടൂ
കുക്കർ പറഞ്ഞു മനസ്സിൽ നിറഞ്ഞൊരു
ദുഖം നീക്കി ച്ചിരി തൂകൂ
കട്ടിലു ചൊല്ലീ താങ്ങായ് മാറാ
നൊട്ടും മടി നീ കാട്ടല്ലേ
മഞ്ഞിൻ കട്ട പറഞ്ഞൂ നിന്നുടെ
നെഞ്ഞിനു വേണ്ട തണുപ്പേകൂ
ബട്ടണുരച്ചൂ എന്തും ചെയ്യാൻ
തട്ടോ തള്ളോ ചെയ്തോളൂ
ചൊല്ലിയതെല്ലാം ശരിയാണായതി
ലില്ലാ മറ്റൊരഭിപ്രായം
തെല്ലും താമസിയാതേ ഞാനിവ
യെല്ലാം ചെയ്യാൻ നോക്കീടാം
എല്ലാവർക്കും നന്ദി നിങ്ങളൊ
ടെല്ലാമെന്റെ കടപ്പാട്.