രണ്ടു കവിതകൾ

Email

By എസ് കെ ജയദേവൻ

1.  നേര്
————–
മാമ്പഴത്തിന്റെ രുചി
എല്ലാ നേരവും ഒരു പോലെയല്ല
ഇഷ്ടത്തോടെ തരുമ്പോൾ
അതിന് മധുരം കൂടും
കണ്ണിൽ പിണക്കമേറുമ്പോൾ
കുറയും മധുരം
നോവ് കനക്കുമ്പോഴത്
കയ്ക്കും

പട്ടിണിനേരത്ത് വഴിവക്കിൽ നിന്ന് വീണു കിട്ടുന്ന പുളിയൻമാമ്പഴത്തിന്റെ മധുരം
മറ്റൊന്നിനുമില്ല

വിളമ്പുന്ന മനസ്സും
വിശപ്പും
സ്വാദിന്റെ നേര്!

2 . പാട്ടുകൾ
———————–
പാട്ടുകൾ കേൾക്കുക
ഒരു ശീലമായിരുന്നു
ആകാശത്തെക്കുറിച്ചുള്ള പാട്ടുകേട്ട്
ആകാശമായി
പ്രണയഗാനങ്ങൾ കേട്ട്
ഇലകളിലും പൂക്കളിലും
അതു പരീക്ഷിച്ചു
ഉണർത്തുപാട്ടുകളിൽ ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത്തായി
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വരികളിൽ
അനുഭവിക്കുന്ന പാരതന്ത്ര്യം തെളിഞ്ഞു

യേശുദാസ് ഇരുട്ടിനെ വെളിച്ചമാക്കി
ജയചന്ദ്രൻ ജീവിതത്തിന് ഭാവങ്ങൾ നൽകി
പി ലീല പ്രഭാതങ്ങളെ തത്വചിന്താപരമാക്കി
വാണി മടങ്ങിപ്പോയവരെ തിരിച്ചുവിളിച്ചു

പാട്ടില്ലാത്ത ജീവിതത്തെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല
കാലം കുറേക്കഴിയുമ്പോൾ ഒരു പക്ഷേ
പാട്ടുകൾ നിലയ്ക്കുമായിരിക്കും
എന്നാലും
ഓളങ്ങളും ഒഴുക്കും
തളിരുകളും പൂവുകളും
ഉള്ളിടത്തോളം
മൗനമെന്ന വലിയ ഗീതത്തിലേക്കുള്ള യാത്ര
ആരും നിർത്തുകില്ല.

മറുപടി രേഖപ്പെടുത്തുക