by TN Aditya Varma
ആരും നിനയ്ക്കാത്ത നേരത്തു നീ മഹാ
മാരിയായ് ഊഴിയിൽ വന്നൂ
ലക്ഷക്കണക്കിന്നു മർത്ത്യരെ നിന്നുടെ
യാക്രമണത്താൽ വലച്ചൂ
ആയിരമായിരം മാനവർ നിന്നുടെ
യാഹാരമായിട്ടു മാറി
എന്താണതിക്രമം ചെയ്തതു ഞങ്ങളെ
ന്നന്ധാളിച്ചാളുകൾ നിൽപ്പൂ
വെട്ടിക്കളഞ്ഞൂ മരങ്ങളെല്ലാം, പാറ
പൊട്ടിച്ചു പൊട്ടിച്ചു തീർത്തൂ
ചുട്ടെരിച്ചൂ കാടു ,കയ്യടക്കീ വനം
കാട്ടുകള്ളന്മാരെപ്പോലേ
വിട്ടില്ല പാവം നദിയൊട്ടും , തോട്ട
പൊട്ടിച്ചു മീനും പിടിച്ചൂ
കക്കൂസു മാലിന്യം മാത്രമല്ലാ , രാസ
മാലിന്യമാറ്റിലൊഴുക്കി
ഒട്ടും നടക്കാതെ വാഹനത്തിൽ പുക
തുപ്പിച്ചു കൊണ്ടു ചരിച്ചൂ
ശുദ്ധമായോരു വിഹായസ്സിനെക്കരി
ക്കട്ടപോൽ മാറ്റിയെടുത്തൂ
ഇച്ചൊന്നതൊക്കെയും തെറ്റാണതെങ്കിലും
ശിക്ഷിക്കൊലാ ഭഗവാനേ
അത്യാർത്തി വിട്ടിനി ഞങ്ങൾ പ്രകൃതിയെ
ശ്രദ്ധയോടങ്ങു പാലിക്കാം