എനിക്കു വേണം

Email

എനിക്കു വേണം
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

ഓമനിച്ചീടുവാനൂതിപ്പെരുപ്പിക്കാ-
നോർമ്മകളൊത്തിരിക്കൂട്ടുവേണം.

ഓരോന്നിറക്കിവച്ചൊന്നാശ്വസിക്കുവാ-
നത്താണിയൊന്നെനിക്കൊത്തിടേണം.

ഓടിയൊളിക്കുവാനൊന്നു വിതുമ്പുവാൻ
ഒക്കുന്നഗഹ്വരമൊന്നു വേണം.

ഒപ്പം നടന്ന മുഖങ്ങളിൽത്തേച്ചൊരാ
ച്ചായമറിയുവാൻ കണ്ണുവേണം.

ഒക്കത്തിരിപ്പതുപോകാതെയുത്തര-
പ്പൊത്തുപരതുവാനൊത്തിടേണം.

ഓരോദശകളിലോരോന്നടുക്കവേ
നേരിടാനൊക്കും മനസ്സുവേണം.

ഓമലിൻ കണ്ണുനീരൊന്നുതുടയ്ക്കുവാ
നാകുന്നജന്മമടുത്തു വേണം

ഓരോ കുസൃതിക്കുമൊറ്റയ്ക്കിരുന്നൊന്നു
പൊട്ടിച്ചിരിക്കുവാനായിടേണം.

എന്നെത്തഴഞ്ഞേറെയുറ്റവർ പോകിലു-
മെന്നുമെനിക്കവർ കൂട്ടുവേണം

ഓങ്കാരമെന്നിൽമുഴങ്ങുന്നിടംവരെ
ഓടിക്കളിക്കുവാനായിടേണം.

ഒറ്റനിമിഷത്തിലെന്നുയിർചേർക്കുന്ന
കൈത്തിരിനാളമൊന്നെത്തീടണം

🍃🍃 – യദു മേക്കാട്

സന്ദേശം

Email

സന്ദേശം

വാളില്ല! തെല്ലുമറിയാനടയാളമില്ല –
യാളില്ല വാഴ്ത്തുവതിനങ്കണമില്ലയൊട്ടും
പാളിത്തെറിച്ച കനലെന്നനിലക്കു ദുഃഖ-
മാളുന്നഹൃത്തിനുടയോരിഹരാജവംശർ.

ക്ഷേമത്തിനായ്പ്പലതുമേകിയപൂർവ്വികർക്കും
ക്ഷാമത്തിലാണ്ടുതനുപൊട്ടിയപിൻമുറയ്ക്കും
ക്ഷത്രാര്യസത്ത മതികെട്ടനിലക്കുതാനീ-
ക്ഷോണീതലത്തിലഖിലം കുടികൊണ്ടിടുന്നു

ക്ഷീണംനടിച്ചു പലതായ്ച്ചടയാതെണീക്ക
ക്ഷ്വേളാശനാത്മനിലവിട്ടു കുതിച്ചിടേണം
ക്ഷോഭിക്കയല്ല, രണമല്ലിനി വേണ്ടതിങ്ങീ,
ക്ഷ്മാതന്നിലൊന്നുനിലനിൽക്കുകയത്രമാത്രം

മാനംവെടിഞ്ഞു കുലധർമ്മമറിഞ്ഞിടാതെ
മാനംഗമിച്ച കഥയൊന്നു മറന്നുനിൽക്കാം
മനാഭിമാനമൊരു നിഷ്ഠയിലേകിനീങ്ങേ
മാനവ്യമൊന്നു ബലമാക്കുകവേണ്ടതല്ലേ?

മേധാപടുത്വമൊരുപാടു നിറഞ്ഞനമ്മൾ
മേധാവിയാകുമൊരു നാളുവരാൻ ഞെരുക്കം
മാധ്വങ്ങൾ തൻ്റെ ഘടനക്കുശിരാർന്നു വേഗം
മാധുര്യമേറുമൊരു ശൃംഖലകോർത്തിടേണം.

വേണാടുനിന്നു, തുളുവൊട്ടിയകുമ്പളയ്ക്കും
ചേണാർന്നിടക്കു പലതുണ്ടുനരേശവംശം.
വാണേറെയിങ്ങു ചരിതങ്ങളസംഖ്യമോർത്താൽ
കാണാതെ, നമ്മളറിയാതെയിരുന്നുകൂടാ

രാജാധിരാജശിവനുണ്ടു വടക്കുദിക്കിൽ
രാജസ്വമേറ്റ ഹരി തെക്കിലനന്തശായി.
രാജേശനുണ്ടു നടു – പൂർണ്ണപുരാധിനാഥൻ
രാജാങ്കിതത്തിലിഹ കേരളമൊട്ടുനന്നായ്

ഒന്നിച്ചുനിൽക്കയിനിയേതുവിവാദമാട്ടേ,
ഭിന്നിച്ചിടാത്ത വിധമൊത്തുചരിക്കമേലിൽ
വന്നീടുമപ്പൊളുദയം ഖലു ശക്തിയോടെ-
യെന്നാളിലേക്കുമൊരു സംഘബലംഭവിക്കാം

കാളുന്നതാം വ്യസനമൊക്കെയകന്നുമേലിൽ
ക്കേളിപ്പെടേണമിനിയുള്ളദിനങ്ങളിൽ നാം
കാളഘ്നമായ മനമൊത്തുചരിച്ചിടാനായ്
കാളാഞ്ചരീപ്രഭ പതിച്ചൊരു വീഥിയേറാം!

യദു മേക്കാട്
894327 1601 ( വാട്സപ്പ്)
Ph.8606663339
(വസന്തതിലകം വൃത്തം)

കവിത -ചുമര്

Email

IMG-20191209-WA0114.jpg

ചുമര്
*******
ചിതൽപ്പുറ്റുരുമ്മുന്നതുണ്ടാംചിലപ്പോൾ
ചുരുങ്ങിപ്പൊടിഞ്ഞൊന്നു ദേഹംവിളർക്കാം
ചതുക്കുന്നകാറ്റാൽവിറയ്ക്കുന്നുവെന്നാൽ
ച്ചെറുക്കാനശക്തൻ്റെമട്ടൊത്തിരിപ്പു

പലർക്കും കൊടുത്തിങ്ങിടംചാരിടാനായ്
ചിലർക്കൊക്കെയാശ്വാസമെന്നുംനിനച്ചു.
പുലർന്നേറെബന്ധങ്ങളായുസ്സുനീളാ-
തുലർത്തിപ്പിരിച്ചൊന്നുകുത്തിപ്പൊടിച്ചോർ.

വരച്ചൊന്നിതെന്നോ ചരിത്രംരചിക്കാൻ
കരിക്കട്ടകൊണ്ടാദ്യമേതോകരങ്ങൾ
തിരിച്ചൊന്നുമോതാതെ നിസ്സംഗനായി –
ച്ചിരിച്ചൽപ്പമെന്നുംനിനച്ചോരിതെങ്ങോ?

ഇടയ്ക്കൊക്കെയോർമ്മച്ചിലന്തിക്കു കെട്ടാ-
നിടത്തെക്കൊടുക്കുന്നൊരാനെഞ്ചിലെന്നാൽ
അടിച്ചെത്തിവണ്ടൊത്തകാലപ്രവാഹം,
പിടച്ചൊന്നുപൊട്ടിച്ചിതൽപ്പാൽപ്പമായി!

പുരാവസ്തുവാക്കാമതിൽക്കമ്പമുള്ളോ-
രൊരുമ്പെട്ടൊരന്യർക്കിതൽപ്പംതിരുത്താം.
തരംപോലെമാറ്റും നിറത്താലിരിക്കാം
നിരാകാരമെന്നോർത്തു കാലംഗമിക്കാം.

നിറക്കൂട്ടുമായാമടർന്നുള്ളുവിങ്ങാം
തറയ്ക്കുന്നൊരാണിക്കു കീഴ്പ്പെട്ടുനിൽക്കാം
കറുത്തില്ലയുളളം തരിമ്പും ശരിക്കൊ-
ന്നുറച്ചെന്നുമാവാം വിധിക്കൊത്തവണ്ണം!
🍃🍃 – യദു മേക്കാട് 28/6/2020

യശ: ഏ.ആർ.ന് ശ്രദ്ധാഞ്ജലി

Email

Screenshot_20200615-192900.png

ഏ. ആർ. – ന് ശ്രദ്ധാഞ്ജലി

തോന്നിക്കുംകവനത്തിനീടുപകരാൻ
തോതിങ്ങു കാണിച്ചതാം –
തച്ചൻ തീർത്തവിശേഷമെത്ര! പറയാൻ
ഭാഷയ്ക്കു നാവന്യമായ്.
തുച്ഛംവാക്കുകളാലെയിങ്ങിവനിതാ
കൈകൂപ്പിവന്ദിച്ചിടാം,
തോന്നുമ്പോൾത്തെളിയട്ടെ നല്ലപദമെൻ
ചിത്തത്തിലും വാക്കിലും.

🍃🍃 – യദു മേക്കാട് 18/6/2020

വേണം

Email

വേണം ……..
🙈🙉🙊
കണ്ണുകളൊന്നങ്ങടയുംമുൻപേ
നന്നായിട്ടു ചിരിക്കേണം.
മനസ്സിൻ കലവറ തൂത്തുതുടച്ചാ
കരടുകളൊക്കെയകറ്റേണം.
തൂവെള്ളത്തുണിയെന്നുടെമേലേ –
യൊട്ടിച്ചേരുമതിൻ മുൻപേ
വെള്ളവിരിച്ചൊരുഹൃത്തായൽപ്പം
ശാന്തതകാട്ടിയിരിക്കേണം.
പകുതിയിലധികംനരകേറുന്നൊരു
ചിന്തയിൽവിരലൊന്നോടേണം.
ഓടിത്തൊട്ടുകളിക്കുന്നോർമ്മയി-
ലെണ്ണംകൃത്യമെടുക്കേണം.
ആയത്തിൻ്റെ കണക്കിൽച്ചേർക്കാൻ
വിട്ടവയില്ലന്നറിയേണം
വ്യയമതുമുഴുവനുമെഴുതിത്തള്ളി
മനമേറ്റുംഘനമൊഴിയേണം.
നിദ്രയിലങ്ങലിയുന്നതരത്തിൽ
ശേഷിപ്പില്ലാതാകേണം
പൊങ്ങിയകാറ്റിൻ തുഞ്ചത്തമറി –
പ്പൊട്ടിച്ചിരിയൊന്നേകേണം.
കാഴ്ചകൾകണ്ടുരസിക്കും ധൂളിയി-
ലൊന്നായ്ത്തീർന്നുരസിക്കേണം
മോഹമതൊട്ടും ചോരാതളവിൻ
പാത്രമൊരുക്കിനിറയ്ക്കേണം.
🍃🍃 – യദു മേക്കാട്

വിരഹം

Email

IMG-20190122-WA0094.jpg

By Yadhu Mekad

പുരാണത്തിലോ ഈ ലോകത്തോ തീവ്രമായ വിരഹം?
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

കാന്തനെപ്പിരിഞ്ഞേറെ നാളിലങ്ങിരുന്നോളാ
വൈദേഹിയേറ്റുംദുഃഖം മാത്രമോമഹത്തരം?

കാന്താരമതിങ്കലായൊറ്റവസ്ത്രത്തെക്കീറി,
മറഞ്ഞാപ്പതിയെക്കാത്തിരിക്കുംഭൈമിക്കെന്താം

വിരഹം വിരൽപ്പൊട്ടുകുത്തിടും കാവ്യങ്ങളിൽ
വരയുംചിത്രം രാധക്കേകിയോ സിംഹാസനം !

ഇതിലേതിലുംചേരും ശുഭമാമന്ത്യങ്ങളിൽ
ക്കുരുങ്ങാനാവില്ലിങ്ങായിരിപ്പൂ സത്യംമാറി.

ചോരയുംനീരുംതിങ്ങുമാവേശക്കുതിരയായ്
തിമിർത്താടിടാൻതീർത്തദേഹമേ നിനക്കായി

വിധിവക്കുന്നൂ ഹിമംമുറ്റിടുംസിയാച്ചിനി –
ലിന്ത്യയെക്കാത്തീടുവാനൊത്തിടും പടയാളി

നിനക്കായൊരുക്കിയപട്ടുമെത്തയിൽക്കാണും
കാരമുൾതടഞ്ഞിട്ടങ്ങുറങ്ങാതാകും പാതി.

താലിയിൽപ്പിടിച്ചേറെമന്ത്രമാംമൃത്യുഞ്ജയം
ജപിക്കുന്നുണ്ടാസാധ്വി നിത്യവും മഹത്ത്വമായ്

ശുഭപര്യന്തംകൊതിച്ചുള്ളതാം ‘വിരഹപ്പൂ’
ചിലപ്പോൾ ത്രിവർണ്ണത്തിൻ പുതപ്പിൽ പൊതിഞ്ഞെത്താം.
🍃🍃 – യദു മേക്കാട്