വേണം

Email

വേണം ……..
🙈🙉🙊
കണ്ണുകളൊന്നങ്ങടയുംമുൻപേ
നന്നായിട്ടു ചിരിക്കേണം.
മനസ്സിൻ കലവറ തൂത്തുതുടച്ചാ
കരടുകളൊക്കെയകറ്റേണം.
തൂവെള്ളത്തുണിയെന്നുടെമേലേ –
യൊട്ടിച്ചേരുമതിൻ മുൻപേ
വെള്ളവിരിച്ചൊരുഹൃത്തായൽപ്പം
ശാന്തതകാട്ടിയിരിക്കേണം.
പകുതിയിലധികംനരകേറുന്നൊരു
ചിന്തയിൽവിരലൊന്നോടേണം.
ഓടിത്തൊട്ടുകളിക്കുന്നോർമ്മയി-
ലെണ്ണംകൃത്യമെടുക്കേണം.
ആയത്തിൻ്റെ കണക്കിൽച്ചേർക്കാൻ
വിട്ടവയില്ലന്നറിയേണം
വ്യയമതുമുഴുവനുമെഴുതിത്തള്ളി
മനമേറ്റുംഘനമൊഴിയേണം.
നിദ്രയിലങ്ങലിയുന്നതരത്തിൽ
ശേഷിപ്പില്ലാതാകേണം
പൊങ്ങിയകാറ്റിൻ തുഞ്ചത്തമറി –
പ്പൊട്ടിച്ചിരിയൊന്നേകേണം.
കാഴ്ചകൾകണ്ടുരസിക്കും ധൂളിയി-
ലൊന്നായ്ത്തീർന്നുരസിക്കേണം
മോഹമതൊട്ടും ചോരാതളവിൻ
പാത്രമൊരുക്കിനിറയ്ക്കേണം.
🍃🍃 – യദു മേക്കാട്

Leave a Reply