തുരുത്തുകൾ

Email

WhatsApp-Image-2020-05-21-at-6.00.59-PM.jpeg

By Meenakumari. H.

കൂട്ടുകുടുംബത്തിൽ സ്നേഹവാത്സല്യങ്ങൾ ,
ആവോളമേറ്റു വളർന്ന നമ്മൾ;
ഏട്ടത്തി ഏട്ടനും , ചിറ്റ ചിറ്റപ്പനും
അമ്മാവൻ , അമ്മായി എന്നിവരും,
വാത്സല്യമൂർത്തികളായ മുത്തശ്ശി മുത്തശ്ശനും,
കരുതലോടെപ്പോഴും അച്ഛനുമമ്മയും ,
എല്ലാം തികഞ്ഞ കൂട്ടായ കുടുംബത്തിൽ,
നല്ല സുഖമായി വാണ നമ്മൾ!

എന്നോ ഒരു ദിനം മാറി ചിന്തിച്ചു നാം ,
എന്തിനീ തിക്കും തിരക്കും സഹിക്കുന്നു?
നമ്മൾക്ക് നമ്മുടെ മാത്രമായ് നേടണം ,
ജീവിത പാന്ഥാവിലുള്ള വിജയങ്ങൾ!
വേണ്ടിനി ചർച്ചകൾ , ആഘോഷവേളകൾ ,
പങ്കുവച്ചുള്ളൊരീ നേട്ടങ്ങൾ , കോട്ടങ്ങൾ;
ഞാനുമെൻ നല്ല പകുതിയും കിടാങ്ങളും,
മാത്രമായുള്ളൊരണുകുടുംബം മതി.

ചുറ്റും മതിലുകൾ തീർത്തു നാം കെട്ടിയ
കോട്ടകൾക്കുള്ളിൽ കഴിഞ്ഞപ്പോളോർത്തില്ല,
എത്തും ഒരു ദിനം , ചിറകേറി , നാളെ തൻ,
വയ്യാതെയായീടും നാമും അപ്പോൾ ,
താങ്ങുവാനാളില്ല കേഴുവാൻ തോളില്ല ,
സ്നേഹം പകരുന്ന വാക്കുകളുമില്ല !!
ആരേലുമീ വഴി വന്നെങ്കിലെന്നു നാം
ആശിച്ചു പോകുന്ന പാരവശ്യം !!!

താനേ ചമച്ചൊരീ അണുകുടുംബങ്ങളിൽ ,
ആരും വന്നെത്താ തുരുത്തുകളായി നാം !!!
………

NB :
ഇന്നിതാ മാഞ്ചൂരി ദേശത്തുന്നെത്തിയ
മായാവിയാകും കീടാണു കൊറോണയോ ,
മാറ്റിയി നമ്മളെ ഭാര്യയോ മക്കളോ ,
പോലും ഇടപെടാ തുരുത്തുകളായി !!!
…………..

Leave a Reply