പല പല പാഠം

Email

T.N.Adithya Varma

വിജയിക്കുന്നതിനുള്ളൊരു മാർഗ്ഗം
പലതിനൊടും ഞാൻ ചോദിച്ചു
ഭിത്തിയിലുള്ള കലണ്ടറു ചൊല്ലീ
നിത്യം കൃത്യം ചെയ്തീടൂ
ഭഗവാനഗ്നി പറഞ്ഞൂ വെട്ടം
പകരൂ ആകുന്നതുപോലെ
ചുററിക ചൊല്ലീ തെറ്റുകൾ തന്നുടെ
നെറ്റിയിലാണി യടിച്ചേക്കൂ
കത്രിക യോതീ യാരംഭത്തിൻ
നാടയെ യൊന്നു മുറിച്ചേക്കൂ
അരിവാൾ ചൊല്ലീ വിജയം നേടാൻ
അറിവിൻ കതിരുകൾ കൊയ്യേണം
തൂലിക യോതീ ഭാവന തന്നുടെ
പീലികൾ ഒന്നു വിടർത്തീടൂ
സൈക്കിളു ചൊല്ലീ അത്യാർത്തിക്കൊരു
ബ്രേക്കു കടുത്താൽ നന്നായി
വീട്ടിലെ കംപ്യൂട്ടർ ഉര ചെയ്തൂ
ഡേറ്റാ സൈൻസു പഠിച്ചോളൂ
പൂട്ടിയ വാതലു ചൊല്ലീ നിങ്ങളു
മുട്ടാനൊന്നു ശ്രമിച്ചീടൂ
കുക്കർ പറഞ്ഞു മനസ്സിൽ നിറഞ്ഞൊരു
ദുഖം നീക്കി ച്ചിരി തൂകൂ
കട്ടിലു ചൊല്ലീ താങ്ങായ് മാറാ
നൊട്ടും മടി നീ കാട്ടല്ലേ
മഞ്ഞിൻ കട്ട പറഞ്ഞൂ നിന്നുടെ
നെഞ്ഞിനു വേണ്ട തണുപ്പേകൂ
ബട്ടണുരച്ചൂ എന്തും ചെയ്യാൻ
തട്ടോ തള്ളോ ചെയ്തോളൂ
ചൊല്ലിയതെല്ലാം ശരിയാണായതി
ലില്ലാ മറ്റൊരഭിപ്രായം
തെല്ലും താമസിയാതേ ഞാനിവ
യെല്ലാം ചെയ്യാൻ നോക്കീടാം
എല്ലാവർക്കും നന്ദി നിങ്ങളൊ
ടെല്ലാമെന്റെ കടപ്പാട്.

ധന്യമാക്കണം ജീവിതം

Email

T.N Adithya Varma

കൈ നനയാതെ മീൻ പിടിക്കണം
ജോലി ചെയ്യാതെ യുണ്ണണം
പത്തു പോലും ജയിച്ചിടാതെ യാ
ഡിഗ്രി കൈവശ മാക്കണം
ആയുരാരോഗ്യ ശിക്ഷ നേടാതെ
ഡോക്ടറായി വിലസണം
രോഗമില്ലാത്തവർക്കു മുറ്റിയ
രോഗമുണ്ടെന്നു ചൊല്ലണം
പറ്റുമെങ്കിലവരുടെ വൃക്ക
വിറ്റു സമ്പാദ്യം കൂട്ടണം
ചിട്ടിക്കമ്പനി യെന്ന പേരിലാ
യൊട്ടുപേരെ മുടിക്കണം
സൈബറിൽകൂടി യെത്രയെത്രയോ
വൃത്തികേടുകൾ കാട്ടണം
ഭൂമികയ്യേറി യാപ്പുറമ്പോക്കു
ഭൂമി കൈവശ മാക്കണം
വീട്ടിലുള്ളോ രഴുക്കു വാരിയാ
റോട്ടിലേയ്ക്ക ങ്ങെറിയണം
ഇത്തരം ചിന്തയുള്ള യാളുക
ളൊട്ടു പേരുണ്ടു നമ്മളിൽ
എന്ന കാര്യം മനസ്സിലാക്കി നാം
നമ്മളെത്തന്നെ മാറ്റണം
അന്യ ജീവനു നന്മ ചെയ്തു നാം
ധന്യമാക്കണം ജീവിതം

കടപയാദി

Email

T.N Adithya Varma

കടപയാദി യെന്നുള്ളതെന്തതെ-
ന്നറിയുമോ പ്രിയപ്പെട്ട കൂട്ടരേ
അക്കമങ്ങനെ അക്ഷരങ്ങളായ്
അർത്ഥപൂർണമായ് മാറി വന്നിടും
വിദ്യയാണിത് ഓർമ്മശക്തിതൻ
വർദ്ധനയ്ക്കിത ങ്ങുത്തമം ദൃഢം
വ്യഞ്ജനങ്ങളേ അക്കമാക്കിടും
വലതു നിന്നിടത്തോട്ടു വായിക്കും
വലിയ സംഖ്യയേ വാക്കിലാക്കി നാം
വളരെ വേഗമങ്ങോർത്തു വച്ചിടും
ഇതുവിധം വരും വാക്കതു പരൽ-
പ്പേര തെന്നതാ ണെന്നറിഞ്ഞിതോ
പ്രമുഖരായൊരു കവികൾ തന്നുടെ
കൃതികൾ തീർത്ത തീയതിയെയറിയുവാൻ
കഴിയുമീവിധം കടപയാദിയായ്
കൃതിയിലായ് കുറിപ്പെഴുതി വയ്ക്കുകിൽ
കൃഷ്ണനാട്ടം നാരായണീയവും
തീർത്തതെന്നു നാ മോർപ്പതീവിധം
വരരുചി ആര്യഭടനെന്നുള്ളവർ
കടപയാദിയേ കണ്ടറിഞ്ഞവർ
ജ്യോതിശ്ശാസ്ത്രത്തിൽ ജ്യോതിഷത്തിലും
കടപയാദിത ന്നുപയോഗം കാണാം

മുന്നോട്ട്

Email

T.N.Adithya Varma

താഴത്തു നിന്നങ്ങുയർച്ചയിലെത്തുവാൻ
ആശിക്ക മാത്രം മതിയോ സഹോദരാ
കേറുവാനായി പ്പടികളുണ്ടായിരം
ഏറെ പരിശ്രമം വേണം കരേറുവാൻ
തോറ്റുപോമെന്നുള്ള ചിന്ത വെടിഞ്ഞിട്ടു
ധീരനായ് മുന്നോട്ടടി വച്ചു നീങ്ങിടും
മർത്ത്യനെ ക്കാത്തിരിക്കുന്നൂ ജയം എന്ന-
തോർക്കുന്നവന്നതു ലഭ്യമാം നിശ്ചയം
പാലു തരും പശു എന്നു നിനച്ചങ്ങു
മേലനങ്ങാതെ യിരുന്നാൽ ലഭിക്കുമോ
കാശിക്കു പോകണമെന്നു നിനപ്പവൻ
കാലനക്കാതെ യിരുന്നാൽ നടക്കുമോ
മുട്ടാതെ വാതൽ തുറക്കപ്പെടുമെന്ന-
തോർത്തു മനക്കോട്ട കെട്ടി ത്തുടങ്ങൊലാ
എന്തിനു മുൽസാഹ മുൽസാഹ മൊന്നതേ
വേണ്ടൂ വിജയം കരസ്ഥ മാക്കീടുവാൻ
എന്തും തുടങ്ങാൻ പ്രയാസമുണ്ടാം, മടി
യുണ്ടെങ്കിലായതും മാറ്റി യെടുക്കണം
റോക്കറ്റയക്കുമ്പൊ ളിന്ധനത്തിൻ ചെല-
വാദ്യ മണിക്കൂറിലേറ്റം വരും ദൃഢം
ഓർക്കണ മിന്നവയൊക്കെ നമ്മൾ തയാ-
റാക്കണം പദ്ധതി മുന്നിലായ്കണ്ടു നാം
ലക്ഷ്യത്തിലെത്തും വരെക്കും പ്രയത്നത്തി-
ലൊട്ടും പുറകോട്ടു പോകാതിരിക്കണം
പാടു പെട്ടങ്ങനെ ലക്ഷ്യത്തിലെത്തുമ്പൊ-
ഴാണു നമുക്കു സന്തോഷം ലഭിക്കുക

സമ്മാനം

Email

muttashan.JPG

            സമ്മാനം

By Adithya Varma T.N

നേരം പത്തു മണി കഴിഞ്ഞൂ രാത്രി-
പാതിയോളമായപ്പൊഴാണങ്ങൊരാൾ
വാതലിൽമുട്ടി വിശ്രമിച്ചീടുവാ-
നായിവേണ്ട സഹായ മഭ്യർത്ഥിച്ചാൻ
കാവി മുണ്ടു ധരിച്ചു വയസ്സനാ-
മാഗതനെ നിരീക്ഷിച്ചു സമ്മതം
പാതി നൽകീ ഗൃഹേശനപ്പോളൊരു
ദീപവും കൂടി വേണമെന്നാഗതൻ
പായയും പിന്നെ കത്തിച്ച റാന്തലും
വീടിനു പുറത്തുള്ള വരാന്തയിൽ
വച്ചു ചൊല്ലിനാനിന്നവിടുന്നിനി
വിശ്രമിക്കുക, നിദ്രകൊണ്ടീടുക
ആഗതൻ തന്റെ ഭാണ്ഡത്തിൽ നിന്നൊരു
ഗ്രന്ഥമൊന്നെടുത്തങ്ങു പകുത്തുടൻ
വായന തുടങ്ങീ, മധുര സ്വരം
രാവിലാ ഗൃഹം തന്നിൽ രുഴങ്ങിനാൻ
രാമനാം രഘുനാഥനെ ക്കീർത്തിക്കും
കേൾവികേട്ട രാമായണം വായിക്കെ
വീട്ടിലുള്ളവരെല്ലാം പുറത്തു വ-
ന്നേറെ ഭക്തിയിൽ കൂപ്പി നിന്നീടിനാർ
ചുറ്റുമുള്ളൊരു വീട്ടുകാരൊക്കെയും
കേൾക്കുവാനായി വന്നു നിരന്നിതു
വായന ബാലകാണ്ഡത്തിലൂടെ സീ-
താ സ്വയംവരം തന്നിലെത്തീടിനാൻ
വില്ലെടുത്തു കുലയ്ക്കുവാൻ പററുമോ-
എന്നു രാമനോടൂള്ളൊരു ചോദ്യവും
ശ്രീപരമേശ്വരന്റെ ചാപത്തിനെ
യാദരിച്ചു നമസ്ക്കരിക്കുന്നതും
വില്ലെടുത്തു കുലയ്ക്കാൻ ശ്രമിക്കവേ
വില്ലൊടിഞ്ഞതും ജാനകി തന്നുടെ
കണ്ണിലാനന്ദമാറാടി നിന്നതും
കണ്ണിനാൽ സീത മാലയിടുന്നതും
വർണിക്കുന്നൊരു സീതാസ്വയംവരം
കർണത്തിൽ രാഗതാളങ്ങൾ തീർക്കവേ
തിങ്ങി നിൽക്കുന്ന ശ്രോതാക്കൾ തന്നുടെ
കണ്ണിലാനന്ദ ബാഷ്പം നിറഞ്ഞുപോയ്
വീട്ടുകാരുടെ യുള്ളിലാ യൊട്ടൊരു
കുറ്റബോധം നിറഞ്ഞുപോയ് തൽക്ഷണം
എന്തൊരു കഷ്ടമീ മഹാഭാഗനെ
വേണ്ട മട്ടിലുപചരിച്ചില്ലല്ലോ
എന്നുചിന്തിച്ചു പാരം വിഷമിച്ചു
നിന്നുപോയ് കുടുംബാംഗങ്ങളേവരും
മന്ദഹാസം ചൊരിഞ്ഞുകൊണ്ടാഗതൻ
മന്ദ മന്ദ മവരോടു ചൊല്ലിനാൻ
രാമനെ സ്മരിക്കാനും സ്തുതിക്കാനും
ആയീയിന്നെന്ന തീശ്വര നിശ്ചയം
ശ്രീരാമന്റെ കഥയല്ലയോ അത-
ങ്ങാരിലും ഭക്തി സംജാതമാക്കിടും
ഏവനും സമാധാനം കൊടുത്തിടും
നേർവഴി കാട്ടി നമ്മെ നയിച്ചിടും
അക്കഥ തന്റെ പാരായണം കേട്ടി-
ട്ടത്ര നിങ്ങളിന്നാസ്വദിച്ചെങ്കിലോ
നിങ്ങൾ തന്നൊരു സമ്മാനമായി ഞാ-
നെണ്ണിടാം ഭഗവാനെ സ്തുതിച്ചിടാം.

എന്താണാ പേര്???

Email

muttashan.JPG

T.N.Adithya Varma

അമ്മേ ഞങ്ങടെ ക്ലാസ്സിൽകുട്ടിക
ളെല്ലാവർക്കും കൂട്ടായി
ളണ്ടൊരു ടീച്ചറു പേരെന്താണെ-
ന്നമ്മയ്ക്കൊന്നൂഹിക്കാമോ
മൂന്നക്ഷരമുണ്ടെല്ലാം ചേർന്നാൽ
ദമയന്തിയ്ക്കുള്ളൊരു തോഴി
ഒന്നും മൂന്നും അക്ഷരമങ്ങിനെ
കൂട്ടീടിൽ മറ്റൊരു തോഴി
രണ്ടും മൂന്നും ചേർന്നാലായതി-
ലേറാനേറെ പ്പണിയാണ്
തോഴികൾ രണ്ടും തമ്മിൽ ചേരാ-
റില്ലെന്നും ജനമോതുന്നു
സുന്ദരിയാകിയ, സൗഖ്യം നൽകും
ആ പേരെന്തെന്നോതാമോ

അരയന്നം

Email

mutahan.JPG

T.N.Adithya Varma

നളചരിതം നാലു ദിനം
നടമാടും കഥകളിയിൽ
അരയന്നം ഉരചെയ്യും
പദമെല്ലാം അതിമധുരം
നളനോടാ ദമയന്തീ
തനുകാന്തി വിവരിക്കും
പദമുണ്ട ങ്ങതുകേട്ടാൽ
പുളകംതോ ന്നിടുമാർക്കും
ദൂതിന്നായ് ദമയന്തീ
നികടേചെ ന്നതുനേരം
പിടികൂടാൻ തുനിയുന്നൂ
ശ്രമമെല്ലാം തകരുന്നൂ
പറയുന്നു ണ്ടരയന്നം
ദമയന്തിയൊടതിസരസം
ജഗൽപതിയും രതിപതിയും
തവകൊതിയു ള്ളൊരുപതിയെ
ത്തരുവാനായാണല്ലോ
മമവരവെന്നറിയുകനീ
നളിനമിഴിമാർക്കെല്ലാം
നടനരസം നൽകീടും
അരയന്നം മനുജന്റെ
അകതാരിൽ കുടികൊള്ളും
നളചരിതം മധുരതരം
കഥകളിതൻ പദമായി
വിരചിച്ചാ കവിവര്യാ
പദതാരിൽ പ്രണമിപ്പൂ

കണ്ണും പൂട്ടിയിരുന്നാൽ

Email

mutahan.JPG

TN Adithya Varma

എന്തേ കണ്ണാ നീ യീ സംഗര മൊന്നൊഴിവാക്കി ത്തന്നില്ലാ
എന്തും ചെയ്യാൻ കഴിവുള്ളോൻ നീ യെന്നതറിഞ്ഞവളാണീ ഞാൻ എത്ര ജനങ്ങൾ മരിച്ചൂ ഇന്നീ യുദ്ധം മൂലം അതിലൊട്ടും
ദു,ഖം തോന്നിയതില്ലേ നിന്നുടെ ചിത്തം തന്നിലതോതൂ നീ
എന്നുടെ മക്കളു നൂറുള്ളവരി ലൊരാളെ പ്പോലും തന്നീടാൻ
നിന്നുടെയുള്ളത്തിങ്കൽ തോന്നിയതില്ലായല്ലോ ഭഗവാനേ
എന്താണിതിനുടെ കാരണമെന്നു പറഞ്ഞു തരേണം അതിനായി
ട്ടിന്നു കനിഞ്ഞാൽ നന്നായീ യെ ന്നൊന്നു പറഞ്ഞൂ ഗാന്ധാരി
അമ്മേ,അമ്മ നയിച്ചോ മക്കളെ നല്ല വഴിക്കു നടന്നീടാൻ
കണ്ണും പൂട്ടിയിരുന്നാൽ കൂട്ടികളെങ്ങിനെ നേർവഴി പോയീടും
അമ്മ തുണയ്ക്കാത്തവരേ ഈശ്വരനെങ്ങിനെ രക്ഷിക്കാനാകും
ഒന്നു പറഞ്ഞു തരാമോ എന്നൊരു മറുപടിചൊല്ലീ മാധവനും

കണ്ണൻ

Email

mutahan.JPG

T.N. Adithya Varma

കണ്ണൻ

കയ്യിൽ നറുവെണ്ണ, മറുകയ്യിലൊരുവേണു,
മെയ്യിലൊരു മഞ്ഞയുടയാട, വനമാല
കണ്ണിലുതിരുന്ന കരുണാമയ കടാക്ഷം
കണ്ണ തവ രൂപ മകതാരിൽ വിരിയേണം

മധുസൂദന മമ മാനസമതിൽ വന്നൊരു നൃത്തം
നടമാടുകി ലടിയൻ തരു മവിടേയ്ക്കൊരു മുത്തം
ഇതി ചിന്തകൾ പലതും വിലസിടുമെന്നുടെ ചിത്തം
കുതികൊള്ളണ മണയാൻ തവ പദ പങ്കജ തീർത്ഥം.

പഞ്ചസാര പണിയുന്ന വാക്കിനും
ശിഞ്ജിതം പൊഴിയുമാ നടപ്പിനും
തഞ്ചി വന്നു ചൊരിയുന്ന പുഞ്ചിരി-
ക്കൊഞ്ചലിന്നുമിത കുമ്പിടുന്നു ഞാൻ

കണ്ണാ കൺമുനയൊന്നിവന്നിൽ വിരവോടർപ്പിക്ക വേണം,മുകിൽ-                        വർണാ നിൻ മുരളീരവത്തിലിവനെ സ്സമ്മോഹനം ചെയ്യണം
വെണ്ണപ്പുഞ്ചിരിയാൽ വിശുദ്ധ മൃദു കൈത്താരാൽ കനിഞ്ഞിന്നു നീ-                   യൊന്നെന്നെ ത്തഴുകീട വേണ മതിനാ യെന്നും ഭജിക്കുന്നു ഞാൻ.

സുഖം

Email

mutahan.JPG

T.N. Adithya Varma

“എനിക്കു സുഖം വേണം” എന്തും ഞാൻ സുഖത്തിനായ്
ത്യജിക്കാൻ, ഉപേക്ഷിക്കാൻ തയാറെന്നവൻ ചൊൽകേ
ഭഗവാൻ ബുദ്ധൻ ചൊല്ലീ ആദ്യമായ് ഭവാൻ “എനി-
ക്കെ”ന്ന തങ്ങുപേക്ഷിക്ക പിന്നെയാ “വേണം” കൂടി
ബാക്കിയുള്ളതു “സുഖം” സ്വന്തമാക്കുവാൻ നല്ല-
മാർഗ്ഗ മൊന്നതു വത്സാ, മറ്റൊരു വഴിയില്ലാ.