സമ്മാനം
By Adithya Varma T.N
നേരം പത്തു മണി കഴിഞ്ഞൂ രാത്രി-
പാതിയോളമായപ്പൊഴാണങ്ങൊരാൾ
വാതലിൽമുട്ടി വിശ്രമിച്ചീടുവാ-
നായിവേണ്ട സഹായ മഭ്യർത്ഥിച്ചാൻ
കാവി മുണ്ടു ധരിച്ചു വയസ്സനാ-
മാഗതനെ നിരീക്ഷിച്ചു സമ്മതം
പാതി നൽകീ ഗൃഹേശനപ്പോളൊരു
ദീപവും കൂടി വേണമെന്നാഗതൻ
പായയും പിന്നെ കത്തിച്ച റാന്തലും
വീടിനു പുറത്തുള്ള വരാന്തയിൽ
വച്ചു ചൊല്ലിനാനിന്നവിടുന്നിനി
വിശ്രമിക്കുക, നിദ്രകൊണ്ടീടുക
ആഗതൻ തന്റെ ഭാണ്ഡത്തിൽ നിന്നൊരു
ഗ്രന്ഥമൊന്നെടുത്തങ്ങു പകുത്തുടൻ
വായന തുടങ്ങീ, മധുര സ്വരം
രാവിലാ ഗൃഹം തന്നിൽ രുഴങ്ങിനാൻ
രാമനാം രഘുനാഥനെ ക്കീർത്തിക്കും
കേൾവികേട്ട രാമായണം വായിക്കെ
വീട്ടിലുള്ളവരെല്ലാം പുറത്തു വ-
ന്നേറെ ഭക്തിയിൽ കൂപ്പി നിന്നീടിനാർ
ചുറ്റുമുള്ളൊരു വീട്ടുകാരൊക്കെയും
കേൾക്കുവാനായി വന്നു നിരന്നിതു
വായന ബാലകാണ്ഡത്തിലൂടെ സീ-
താ സ്വയംവരം തന്നിലെത്തീടിനാൻ
വില്ലെടുത്തു കുലയ്ക്കുവാൻ പററുമോ-
എന്നു രാമനോടൂള്ളൊരു ചോദ്യവും
ശ്രീപരമേശ്വരന്റെ ചാപത്തിനെ
യാദരിച്ചു നമസ്ക്കരിക്കുന്നതും
വില്ലെടുത്തു കുലയ്ക്കാൻ ശ്രമിക്കവേ
വില്ലൊടിഞ്ഞതും ജാനകി തന്നുടെ
കണ്ണിലാനന്ദമാറാടി നിന്നതും
കണ്ണിനാൽ സീത മാലയിടുന്നതും
വർണിക്കുന്നൊരു സീതാസ്വയംവരം
കർണത്തിൽ രാഗതാളങ്ങൾ തീർക്കവേ
തിങ്ങി നിൽക്കുന്ന ശ്രോതാക്കൾ തന്നുടെ
കണ്ണിലാനന്ദ ബാഷ്പം നിറഞ്ഞുപോയ്
വീട്ടുകാരുടെ യുള്ളിലാ യൊട്ടൊരു
കുറ്റബോധം നിറഞ്ഞുപോയ് തൽക്ഷണം
എന്തൊരു കഷ്ടമീ മഹാഭാഗനെ
വേണ്ട മട്ടിലുപചരിച്ചില്ലല്ലോ
എന്നുചിന്തിച്ചു പാരം വിഷമിച്ചു
നിന്നുപോയ് കുടുംബാംഗങ്ങളേവരും
മന്ദഹാസം ചൊരിഞ്ഞുകൊണ്ടാഗതൻ
മന്ദ മന്ദ മവരോടു ചൊല്ലിനാൻ
രാമനെ സ്മരിക്കാനും സ്തുതിക്കാനും
ആയീയിന്നെന്ന തീശ്വര നിശ്ചയം
ശ്രീരാമന്റെ കഥയല്ലയോ അത-
ങ്ങാരിലും ഭക്തി സംജാതമാക്കിടും
ഏവനും സമാധാനം കൊടുത്തിടും
നേർവഴി കാട്ടി നമ്മെ നയിച്ചിടും
അക്കഥ തന്റെ പാരായണം കേട്ടി-
ട്ടത്ര നിങ്ങളിന്നാസ്വദിച്ചെങ്കിലോ
നിങ്ങൾ തന്നൊരു സമ്മാനമായി ഞാ-
നെണ്ണിടാം ഭഗവാനെ സ്തുതിച്ചിടാം.