ശ്രീ. പി. കെ. രാജരാജ വർമ്മ – എന്റെ ഓർമ്മയിലെ കുഞ്ഞമ്മാവൻ

By Smt Latha Varma

ശ്രീ. പി. കെ. രാജരാജ വര്‍മ്മ പാലിയേക്കര കൊട്ടാരത്തിലെ, പ്രത്യേകിച്ചും പടിഞ്ഞാറെ കൊട്ടാരത്തിലെ
കുഞ്ഞമ്മാവന്‍ ആയിരുന്നു. ഒരു തായ്‌വഴി മാത്രമുള്ള കെട്ടാരത്തില്‍ ഞങ്ങളുടെ എല്ലാവരുടേയും
അമ്മൂമ്മമാരുടെ ഇളയ സഹോദരന്‍. 1986 ജനുവരി 17-ന്‌ മരിക്കുമ്പോള്‍ ഏകദേശം 82 വയസ്സായിരുന്നു.

കണക്കില്‍ ആയിരുന്നു കുഞ്ഞമ്മാവന്റെ മാസ്റ്റേഴ്‌സ്‌ ബിരുദം. കൂടാതെ കമ്പം ഇംഗ്ലീഷ്‌ സാഹിത്യത്തിലും
മലയാളഭാഷയിലും. രണ്ടു ഭാഷകളിലും ധാരാളം വായന ഉണ്ടായതു കൊണ്ടാവാം അദ്ദേഹത്തിന്റെ മനസ്സും അത്രയും വിശാലമായത്‌. മലയാളത്തില്‍ അദ്ദേഹത്തിന്റെ കൃതികള്‍ പ്രധാനമായും നര്‍മ്മം – ഹാസ്യ സാഹിത്യത്തിലായിരുന്നു. P. G. Wodehouse-ന്റെ സ്വാധീനം പല കൃതി കളിലും നമുക്ക്‌ കാണാന്‍ സാധിക്കും. യാത്രകൾ വളരെ അധികം ഇഷ്ടപ്പെടുകയും ധാരാളം യാത്രകള്‍ ചെയ്യ്തിരുന്നുവെങ്കിലും യാത്രാവിവരണം ഒന്നുമാത്രമാണ്‌ ശ്രദ്ധേയം ആയത്‌ – വിജയകരമായ പിന്മാറ്റം. അത്‌ എഴുപതുകളില്‍ പാഠപുസ്തകമായി വന്നിട്ടുണ്ട്‌. ജപ്പാന്‍ ബര്‍മ്മ പിടിച്ചെടുക്കാന്‍ ശ്രമിച്ച യുദ്ധ കാലയളവില്‍ അവിടുന്ന്‌ രക്ഷപ്പെട്ട്‌ കാല്‍നടയായി കാടും മലകളും താണ്ടി തിരിച്ച്‌ നാട്ടില്‍ എത്തിയതാണ്‌ വിഷയം. ബര്‍മ്മയില്‍ നിന്നും (ഇന്നത്തെ മ്യാന്‍മാര്‍), സിംല, അല്ലാഹബാദ്‌ മുതലായ സ്ഥലങ്ങളിലെ ഓദ്യോഗിക ജീവിതത്തിന്‌ ശേഷം ഒറീസ്സയിലെ ഭുവനേശ്വര്‍ എ. ജീസ്‌. ഓഫീസില്‍ നിന്നും വിരമിച്ചു. അതിന്‌ ശേഷം ആലുവയിലെ എഫ്‌. എ. സി. റ്റി.യില്‍ നിന്നും 1969 ഡിസംബറില്‍ ഓദ്യോഗിക ജീവിതം മതിയാക്കി മാവേലിക്കരയില്‍ താമസമാക്കി.

ഇത്രയും ഒരു സാധാരണ മനുഷ്യന്റെ സാധാരണ ജീവിതം. കുഞ്ഞമ്മാവനെ ഒരു അസാധാരണ വൃക്തി
ആക്കുന്നത്‌ ഇതൊന്നും അല്ല.

കുഞ്ഞമ്മാവനെ ഏറ്റവും അധികം വൃത്യസ്തനാക്കുന്നത്‌ അദ്ദേഹത്തിന്റെ ലാളിത്യവും (utter simplicity and lack of ego) സഹായം ആവശ്യപ്പെടുന്നവരെ സാധിക്കുവോളം സഹായിക്കുവാനുമുള്ള മനസ്ഥിതിയുമാണ്‌. സാമ്പത്തികമായി ഉയര്‍ന്ന നിലയുണ്ടായിരുന്നെങ്കിലും ഒരിക്കല്‍ പൊലും ആര്‍ഭാടത്തിനൊ ഏറ്റവും ചുരുങ്ങിയ നിത്യചിലവുകള്‍ക്ക്‌ അല്ലാതെ പണം ചിലവാക്കുന്നത്‌ ഞാന്‍ കണ്ടിട്ടില്ല. കിടപ്പ്‌ ഒരു മെത്തപ്പായും തലയിണയും പുതപ്പും, അതും നിലത്ത്‌.

സാമ്പത്തിക സഹായം, ഓഈദ്യോദിക സഹായം, കുടുംബ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണ്‍സലിംഗ്‌
എന്ന്‌ വേണ്ട എന്ത്‌ സഹായം ആവശ്യപ്പെട്ടാലും അത്‌ ആ സന്നിധിയില്‍ കിട്ടുമായിരുന്നു – ഒരു അഹം
ഭാവമില്ലാതെ, പ്രത്യുപകാരമോ ഒരു നന്ദിവാക്കു പ്രതീക്ഷിക്കാതെ, ഒരു അംഗീകാരം പോലും സ്വീകരിക്കാതെ. ഒരു ചെറിയ സംഭവം ഓര്‍മ്മിക്കട്ടെ. കുഞ്ഞമ്മാവന്‍ ഒരു ബന്ധുവിന്‌ മാസാമാസം ഒരു തുക സഹായമായി നലകിയിരുന്നു. ഒരിക്കല്‍ ആരോ ചോദച്ചു കുഞ്ഞമ്മാവന്‍ എന്തിനാണ്‌ പണം അവിടെ കൊണ്ട്‌ കൊടുക്കുന്നത്? ആവശ്യമുണ്ടങ്കില്‍ കുഞ്ഞമ്മാവന്റെ അടുത്ത്‌ വന്ന്‌ വാങ്ങട്ടെ. സ്വതസിദ്ധമായ പുഞ്ചിരിയേടെ മറുപടി “അവരെ സഹായിക്കുക എന്നത്‌ എന്റെ ആവശ്യമായതു കൊണ്ട്‌”.

ശാന്തതയായിരുന്നു കുഞ്ഞമ്മാവന്റെ മറ്റൊരു പ്രത്യേകത. സ്വന്തം കുട്ടികളോടു പോലും ദേഷ്യപ്പെടാറില്ലായിരുന്നു പോലും (അതിശയോക്തിയല്ല, വാസ്തവമാണന്ന്‌ മകന്‍ സാക്ഷ്യപ്പെടുത്തുന്നു) ജീവതത്തിന്റെ ഓരോ ചെറിയ കാര്യങ്ങളില്‍ പോലും നര്‍മ്മം കാണാന്‍ കഴിവുള്ള മനസ്സിന്‌ ഉടമയായതുകൊണ്ടല്ലെ പഞ്ചു മേനോനും കുഞ്ചിയമ്മയും എന്ന കഥാപാത്രങ്ങളെ മലയാളത്തിന്‌ സംഭാവന ചെയ്യാന്‍ കഴിഞ്ഞത്‌?

ക്ഷത്രിയര്‍ക്ക്‌ ഒരു സംഘടയുടെ ആവശ്യം മനസ്സിലാക്കിയാണ്‌ അറുപതുകളില്‍ അത്യുല്‍സാഹത്തോടെ
ക്ഷത്രിയ ക്ഷേമ സഭയില്‍ പ്രവര്‍ത്തിച്ചത്‌. ഇന്ന്‌ അതൊക്കെ വിസ്മൃതിയിലായി. മറവിരോഗം (Alzheimer’s dementia) പിടിമുറുക്കന്നതുവരെ അതില്‍ വ്യാപൃതനായിരുന്നു. അത്യധികം വേദനിപ്പിച്ച ചില പരാമര്‍ശങ്ങള്‍ കേട്ടതിന്‌ ശേഷം പൂര്‍ണ്ണമായി അതില്‍ നിന്നും പിന്നെ വിട്ടു നില്‍ക്കുകയായിരുന്നു.

ഭഗവത്‌ ഗീതയിലും മറ്റും പ്രദിപാദിച്ചിട്ട്‌ പോലുള്ള ഈ നിഷ്കാമകര്‍മ്മ യോഗി പക്ഷെ അത്ര വലിയ
ഈശ്വര വിശ്വാസിയായിരുന്നില്ല. എന്നു തന്നെയല്ല പല അനാചാരങ്ങളേയും എതിര്‍ക്കുകയും ചെയ്തി
രുന്നു.

ഒറിസ്സയിലെ ഏ.ജീസ്‌ ഓഫീസ്സിലെ (കട്ടക്‌, പുരി, ഭുവനേശ്വര്‍ ഏതാണെന്ന് ഓര്‍മയില്ല) കോഓപറേറ്റിവ്‌
സൊസൈറ്റിയുടെ 50-0൦ വാര്‍ഷിക ആഘോഷങ്ങളില്‍ സ്ഥാപകരില്‍ ഒരാളായ അദ്ദേഹത്തെ ആദരിച്ച
ചടങ്ങില്‍ പങ്കെടുത്താണ്‌ അവസാനത്തെ പൊതു ചടങ്ങ്‌. Alzheimer’s അദ്ദേഹത്തിന്റെ ഓര്‍മ്മയെ
മായിച്ചു കളഞ്ഞെങ്കിലും നമ്മളില്‍ പലരും മറക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ സ്നേഹസ്പര്‍ശം
കൊണ്ട്‌ ജീവിതം പടുത്തുയര്‍ത്തിയ ആരും തന്നെ കുഞ്ഞമ്മാവന്റെ ആ ചെറു പുഞ്ചിരിയുടെ മധുരം
മറക്കുയില്ല, തീര്‍ച്ച.

Leave a Reply