സന്ദേശം

Email

സന്ദേശം

വാളില്ല! തെല്ലുമറിയാനടയാളമില്ല –
യാളില്ല വാഴ്ത്തുവതിനങ്കണമില്ലയൊട്ടും
പാളിത്തെറിച്ച കനലെന്നനിലക്കു ദുഃഖ-
മാളുന്നഹൃത്തിനുടയോരിഹരാജവംശർ.

ക്ഷേമത്തിനായ്പ്പലതുമേകിയപൂർവ്വികർക്കും
ക്ഷാമത്തിലാണ്ടുതനുപൊട്ടിയപിൻമുറയ്ക്കും
ക്ഷത്രാര്യസത്ത മതികെട്ടനിലക്കുതാനീ-
ക്ഷോണീതലത്തിലഖിലം കുടികൊണ്ടിടുന്നു

ക്ഷീണംനടിച്ചു പലതായ്ച്ചടയാതെണീക്ക
ക്ഷ്വേളാശനാത്മനിലവിട്ടു കുതിച്ചിടേണം
ക്ഷോഭിക്കയല്ല, രണമല്ലിനി വേണ്ടതിങ്ങീ,
ക്ഷ്മാതന്നിലൊന്നുനിലനിൽക്കുകയത്രമാത്രം

മാനംവെടിഞ്ഞു കുലധർമ്മമറിഞ്ഞിടാതെ
മാനംഗമിച്ച കഥയൊന്നു മറന്നുനിൽക്കാം
മനാഭിമാനമൊരു നിഷ്ഠയിലേകിനീങ്ങേ
മാനവ്യമൊന്നു ബലമാക്കുകവേണ്ടതല്ലേ?

മേധാപടുത്വമൊരുപാടു നിറഞ്ഞനമ്മൾ
മേധാവിയാകുമൊരു നാളുവരാൻ ഞെരുക്കം
മാധ്വങ്ങൾ തൻ്റെ ഘടനക്കുശിരാർന്നു വേഗം
മാധുര്യമേറുമൊരു ശൃംഖലകോർത്തിടേണം.

വേണാടുനിന്നു, തുളുവൊട്ടിയകുമ്പളയ്ക്കും
ചേണാർന്നിടക്കു പലതുണ്ടുനരേശവംശം.
വാണേറെയിങ്ങു ചരിതങ്ങളസംഖ്യമോർത്താൽ
കാണാതെ, നമ്മളറിയാതെയിരുന്നുകൂടാ

രാജാധിരാജശിവനുണ്ടു വടക്കുദിക്കിൽ
രാജസ്വമേറ്റ ഹരി തെക്കിലനന്തശായി.
രാജേശനുണ്ടു നടു – പൂർണ്ണപുരാധിനാഥൻ
രാജാങ്കിതത്തിലിഹ കേരളമൊട്ടുനന്നായ്

ഒന്നിച്ചുനിൽക്കയിനിയേതുവിവാദമാട്ടേ,
ഭിന്നിച്ചിടാത്ത വിധമൊത്തുചരിക്കമേലിൽ
വന്നീടുമപ്പൊളുദയം ഖലു ശക്തിയോടെ-
യെന്നാളിലേക്കുമൊരു സംഘബലംഭവിക്കാം

കാളുന്നതാം വ്യസനമൊക്കെയകന്നുമേലിൽ
ക്കേളിപ്പെടേണമിനിയുള്ളദിനങ്ങളിൽ നാം
കാളഘ്നമായ മനമൊത്തുചരിച്ചിടാനായ്
കാളാഞ്ചരീപ്രഭ പതിച്ചൊരു വീഥിയേറാം!

യദു മേക്കാട്
894327 1601 ( വാട്സപ്പ്)
Ph.8606663339
(വസന്തതിലകം വൃത്തം)

1 Reply to “സന്ദേശം”

  1. 6 മത്തെ പദ്യം മൂന്നാം വരി ചരിത്രം എന്നും

    അവസാനം കാളാഞ്ചരീ പ്രഭ എന്നും വായിക്കുവാൻ അപേക്ഷ

Leave a Reply