T.N. Adithya Varma
കണ്ണൻ
കയ്യിൽ നറുവെണ്ണ, മറുകയ്യിലൊരുവേണു,
മെയ്യിലൊരു മഞ്ഞയുടയാട, വനമാല
കണ്ണിലുതിരുന്ന കരുണാമയ കടാക്ഷം
കണ്ണ തവ രൂപ മകതാരിൽ വിരിയേണം
മധുസൂദന മമ മാനസമതിൽ വന്നൊരു നൃത്തം
നടമാടുകി ലടിയൻ തരു മവിടേയ്ക്കൊരു മുത്തം
ഇതി ചിന്തകൾ പലതും വിലസിടുമെന്നുടെ ചിത്തം
കുതികൊള്ളണ മണയാൻ തവ പദ പങ്കജ തീർത്ഥം.
പഞ്ചസാര പണിയുന്ന വാക്കിനും
ശിഞ്ജിതം പൊഴിയുമാ നടപ്പിനും
തഞ്ചി വന്നു ചൊരിയുന്ന പുഞ്ചിരി-
ക്കൊഞ്ചലിന്നുമിത കുമ്പിടുന്നു ഞാൻ
കണ്ണാ കൺമുനയൊന്നിവന്നിൽ വിരവോടർപ്പിക്ക വേണം,മുകിൽ- വർണാ നിൻ മുരളീരവത്തിലിവനെ സ്സമ്മോഹനം ചെയ്യണം
വെണ്ണപ്പുഞ്ചിരിയാൽ വിശുദ്ധ മൃദു കൈത്താരാൽ കനിഞ്ഞിന്നു നീ- യൊന്നെന്നെ ത്തഴുകീട വേണ മതിനാ യെന്നും ഭജിക്കുന്നു ഞാൻ.