By മനോഹര വർമ്മ
വയലാര്‍ തലമുറകളുടെ പാട്ടെഴുത്തുകാരനാണ്. കാലാതിവര്‍ത്തിയായ ഗാനങ്ങളുടെ ശില്പി.
പട്ടുപോലെ മൃദുവായ പ്രണയവും, കനലെരിയുന്ന വിപ്ലവും, കരുണ ചൊരിയുന്ന ഭക്തിയും എല്ലാം വയലാറിന്റെ കരവിരുതില്‍ കവിതകളായി വിരിഞ്ഞു.
മലയാളി മനസിലാവാഹിച്ച മരിക്കാത്ത ഗാനങ്ങളുടെ ഉടയോന് വിടപറഞ്ഞെങ്കിലും, വയലാറിലെ നിണമണിഞ്ഞ മണ്ണു പറയുന്നതു പോലെ, സ്മരണകള്‍ ഇരമ്പുകയാണ്….
കവി കാലം ചെയ്ത് കാലമിത്രയുമായിട്ടും കാലവര്‍ഷക്കടലല പോലെ ആര്‍ത്തലയ്ക്കുന്ന ഒരു നോവ് കരളിനുള്ളില് ബാക്കിയാകുന്നു. ഒടുങ്ങാത്ത വിരഹദുഃഖം. മകന് ശരത് ചന്ദ്രന് അച്ഛനെന്നാല്‍ നോവുന്ന ഒരോര്‍മായാണ്. ഹൃദയമാകെ പിണഞ്ഞ് ആത്മാവില്‍ നിറയുന്ന ഒരു വികാരം. അച്ഛനെക്കുറിച്ച് പറയുമ്പോള്‍ വാത്സല്യം ലഭിക്കാതെ പോയ മകന്റെ ഹൃദയവേദന ശരത്തിന്റെ മുഖത്ത് നിഴലിക്കും. പതിനാലു വയസില്‍ അച്ഛന്റെ ചിതയ്ക്ക് അഗ്നി പകര്‍ന്നപ്പോഴുള്ള ദീപ്ത വര്‍ണവും തെളിയും.
അച്ഛനുമായി അടുത്തിടപഴകിയ ദിനങ്ങള്‍ തുച്ഛം. പഠിച്ചു ഡോക്ടറാകട്ടെയെന്നു കരുതി മകനെ ബോര്‍ഡിംഗ് സ്കൂളിലയച്ച്ക വിതയും പാട്ടുമായി സര്‍ഗതീര്‍ഥാടനത്തിനിറങ്ങിയ അച്ഛന് നെഞ്ചോടണച്ച് മൂര്‍ദ്ധാവിലൊന്നു മുത്തമിട്ടോ…..
ഓര്‍മയില്‍ ഒരു വര്‍ണപൊട്ടുപോലെ.
ഓണത്തിനൊരു കോടിയുടുപ്പ്. മേടവിഷുവിനു കണികണ്ടുണരുമ്പോള്‍ കൈനീട്ടം. അച്ഛനു പകരം മുത്തശ്ശിയാണു, മുറുക്കാന്‍ ചുവയുള്ള മുത്തവുമായി, ഈ കുറവൊക്കെ പരിഹരിച്ചിരുന്നത്.
അച്ഛന് രാഘവപ്പറമ്പ് എന്ന തറവാട്ടുമുറ്റത്ത് കാലുകുത്തിയാല്‍ അന്നാണ് ഓണവും വിഷുവുമെല്ലാം. അച്ഛനൊപ്പം ഇത്തിരി നേരം ഇരിക്കാമെന്നു കരുതിയാല്‍ ചങ്ങാതികളും ആരാധകരും ഒരിടം തരില്ല. കവിത ചൊല്ലലും പൊട്ടിച്ചിരിയും പാതിരാ കഴിഞ്ഞും നീളും. നേരം വെളുക്കും മുമ്പ് മടക്കവും.
ഇത്ര പെട്ടെന്ന് അച്ഛനില്ലാതാവുമെന്ന് ആരു കരുതി….. ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കില്‍ ബോര്‍ഡിംഗ് പഠനവും ഒരിയ്ക്കലും സഫലമാകില്ലെന്ന് ഉറപ്പുള്ള ഡോക്ടര്‍ സ്വപ്നവും ഉപേക്ഷിച്ച് രാഘവപ്പറമ്പിലേക്ക് ഓടിയെത്തുമായിരുന്നു. മകന് സിനിമയുടെ ലോകത്തേക്ക് വരരുതെന്ന് അച്ഛന് ആഗ്രഹിച്ചു. എന്തായിരിക്കും കാരണം…. ശരത്തിനറയില്ല. തന്നെ പോലെ പാട്ടെഴുതി നടന്നാല്‍ കുടുംബ ജീവിതം കാണില്ലെന്ന അനുഭവം….
ഏതു മകനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. അച്ഛനെപ്പേലെയാകുക. ആ കാലടി പിന്തുടരുക.
അങ്ങിനെ അച്ഛന്റെ മകനാകുക. താന്‍ പോലുമറിയാതെ ആ പാതയിലേക്ക് താനെയെത്തിയത് ശരത്തിനെ ഇന്നും വിസമയിപ്പിക്കുന്നു. ജീവിതത്തില്‍ പലതും സംഭവിച്ചതു പോലെ ഇതും യാദൃശ്ചികം.
അച്ഛന്റെ തണലില്‍ വളര്‍ന്നു വലുതാകാനായിലെങ്കിലും, വളര്‍ന്നപ്പോള്‍ അച്ഛന്റെ സ്മരണകളുടെ തണലാണ് എവിടേയും. ഇപ്പോള്‍ അത് ഒരു കുളിരാണ്. പാട്ടെഴുത്ത് നേരമ്പോക്കല്ല .. നോമ്പാണെന്ന തിരിച്ചറിവുമായി പാട്ടിന്റെ പാലാഴിയിലൂടെയുള്ള യാത്ര. അത് തുടരുകയാണ്. മനസില്‍ ദൈവവും ഗുരുവും പ്രത്യയശാസ്ത്രവും ഒക്കെയുണ്ട്. എല്ലാം അച്ഛനാണെന്നു മാത്രം. അച്ഛന്റെ വഴിയെയാണ് യാത്രയെങ്കിലും കടം വെച്ച ചില കണക്കുകള്‍ കൂടി തീര്‍ക്കണം ശരത്തിന്. യാത്രക്കിടെ കൈമോശം വരാതെ കാത്തു സൂക്ഷിക്കാന്‍ ഭദ്രമായ ഒരു കുടുംബ ജീവിതം. അതിനു സര്‍വ്വംസഹയായ സഹയാത്രികയായി ഭാര്യ ശ്രീലതയും, കൂടെ, നിറവാത്സല്യം ഏറ്റുവാങ്ങാന്‍ ഏകമകള്‍ സുഭദ്രയും.