ഇനിയും ഒരു വട്ടം കാണാം നൽ സ്വപ്നം
ഇനിയും ഒരു സുന്ദര പുലരി പിറന്നെന്ന്
ഇനി ഇല്ല കോവിഡിൻ ഉയരും പുതു ഗ്രാഫ്
ഇനി ഇല്ല മൃത്യു ആ ഉഗ്ര വൈറസ്സിനാൽ
ഇതാ ഇന്നു നമുക്കുള്ള വിലക്കുകളൊഴിഞ്ഞു
ഇതാ നമ്മൾ പഴയ പോൽ വീഥികൾ നിറഞ്ഞു
ഇവിടം വിട്ടകലത്തായ് കുടിയേറിയ പ്രിയരേ
ഇനി എന്നു കാണുമെന്നാശങ്കകൾ അകന്നു
ഇനി എത്തും നമ്മൾ തൻ പ്രിയരായെവരെല്ലാം
ഇനി ഒന്നിച്ചാ കൂടലുകൾ ആഘോഷമാക്കാം
ഇനി മണ്ണിൻ മാലാഖമാർ പുതു ചിറകിലേറി
ഇനിയും തോരാ കണ്ണുകൾ തുടക്കുവാനെത്തും
ഇനി നമ്മൾ മക്കൾ തൻ പഠനം തുടരും
ഇനി ആ ഗുരുക്കൾ കർമ്മനിരതരായി മാറും
ഇനി വെളുത്ത പാടങ്ങളൊക്കെ പച്ചപ്പു തീർക്കും
ഇനി നിലച്ച തൊഴിലെല്ലാം തുടരും അഭങ്കുരം
ഇനി തൊഴിലാളികൾ തൻ കീശ നിറയും
ഇനി അണഞ്ഞ അടുപ്പെല്ലാം അഗ്നിയാൽ ജ്വലിക്കും
ഇനി ഒട്ടിയ വയറുകളുടെ തേങ്ങൽ നിലക്കും
ഇനി അടുത്ത നാളൊന്നിൽ ഈ സുന്ദര സ്വപ്നം–
ഇനി നമ്മെ തളർത്താതെ സത്യമായി തീരും
ഇനി ഒഴിഞ്ഞ ദുരന്തങ്ങൾ ഒക്കെ ദുസ്വപ്നമായ്
ഇനി മറന്നീടാം പുതുശീലങ്ങൾ പഠിക്കാം
ഇനിയരുത് തുപ്പരുത് പൊതു സ്ഥലങ്ങളിൽ എങ്ങും
ഇനി പുറത്തിറങ്ങരുത് മുഖാവരണം ധരിക്കാതെ
ഇനി സോപ്പിനാൽ കൈകൾ ശുചിയാക്കാം ഇടയ്ക്കിടെ
ഇനി എപ്പോഴും ഒരു നല്ല സാനിറ്റൈസർ കരുതാം
ഇനി വ്യക്തിശുചിത്വം സമൂഹത്തിന്ന് ആധാരമാക്കാം
ഇനി ഒന്നിലും വിട്ടുവീഴ്ച ചെയ്യരുത് അശേഷം
ഇനിയും നാം മലയാളികൾ അഭ്യസ്തവിദ്യർ
ഇതാ എന്നു പറയുന്ന സമയം കൊണ്ടെല്ലാം മറക്കും
ഇതു താൻ മാനവർ തൻ മാറാ സ്വഭാവം
അതു നമ്മൾ തൻ നാശത്തിൻ നാന്ദിയായി മാറും
ഇല്ലിനി അരുതാത്തതൊന്നുമെന്നാ ചിന്തയും
ഇനി നമുക്കെന്തും ആകാമെന്നഹങ്കാരവും
ഇനി ഇത്യാദി തോന്നലുകളാൽ നിൻ മനം
ഇരുണ്ടെന്നാൽ ഇല്ല മോചനം മാനവരാശിക്ക്
ഇനി ഒരവസരത്തിന്നായി കേഴുവാൻ ഭൂമിയിൽ
ഇനി ഉണ്ടാകുമോ നമ്മൾ എന്നതിനുമുറപ്പില്ല
ഇനി അങ്ങോട്ട് ഒരവസരത്തിനായി കാക്കാതെ
ഇതു താൻ നിന്നവസരം എന്നുറപ്പിച്ചു കൊൾക നീ
ഇനിയുള്ള വീഴ്ചകൾ അതു ചെറുതാകിൽ പോലും
ഇനി അതിൻ തിരിച്ചടി വലുതായി ത്തീരാം
ഇനി വേണ്ട ഇനി വേണ്ട ഒരു പിഴവതൊന്നിലും
ഇനി വേണ്ട മാനുഷർ അജയ്യരെന്ന തോന്നലും
ഇനി ഇല്ല ഇനി ഇല്ല ഞാനാതീതനെന്ന ഭാവവും
ഇനി ആ സുന്ദര സ്വപ്ന സാഫല്യത്തിനായി
ഇനി ഇതാ സമർപ്പിപ്പൂ ഞങ്ങൾ തൻ ചിന്തയും കർമ്മവും
ഇനി പോകൂ ഇനി പോകൂ കൊറോണവൈറസ്സേ നീ
ഇനി തരില്ലൊരവസരം നീ പ്രതീക്ഷിച്ചീടിലും
ഇനി എന്റെ പ്രാർത്ഥനകളിൽ ഇതൊന്നു മാത്രം
ഇനി നാളെ പുലരട്ടെ നൽസ്വപ്ന സാഫല്യത്തിനായ് .